ഭഗവദ് ഗീതാ ധ്യാനം
ഭഗവദ് ഗീതാ ധ്യാനം
ഓം പാർത്ഥായ പ്രതിബോധിതാം ഭഗവതാ
നാരായണേന സ്വയം ।
വ്യാസേന ഗ്രഥിതാം പുരാണമുനിനാ മധ്യേ
മഹാഭാരതം ।
അദ്വൈതാമൃതവർഷിണീം ഭഗവതീം
അഷ്ടാദശാധ്യായിനീം ।
അംബ ത്വാമനുസന്ദധാമി ഭഗവദ്ഗീതേ
ഭവദ്വേഷിണീം ॥ (1)
നമോfസ്തുതേ
വ്യാസ വിശാലബുദ്ധേ
ഫുല്ലാരവിന്ദായതപത്രനേത്ര ।
യേന ത്വയാ ഭാരതതൈലപൂർണഃ
പ്രജ്വാലിതോ ജ്ഞാനമയഃ പ്രദീപഃ ॥ (2)
പ്രപന്നപാരിജാതായ തോത്രവേത്രൈകപാണയേ
।
ജ്ഞാനമുദ്രായ കൃഷ്ണായ ഗീതാമൃതദുഹേ
നമഃ ॥ (3)
സർവോപനിഷദോ ഗാവോ ദോഗ്ധാ ഗോപാലനന്ദനഃ
।
പാർത്ഥോ വത്സഃ സുധീർഭോക്താ ദുഗ്ധം
ഗീതാമൃതം മഹത് ॥ (4)
വസുദേവസുതം ദേവം കംസചാണൂരമർദനം ।
ദേവകീപരമാനന്ദം കൃഷ്ണം വന്ദേ
ജഗദ്ഗുരും ॥
(5)
ഭീഷ്മദ്രോണതടാ ജയദ്രഥജലാ
ഗാന്ധാരനീലോത്പലാ ।
ശല്യഗ്രാഹവതീ കൃപേണ വഹനീ കർണേന
വേലാകുലാ ।
അശ്വത്ഥാമവികർണ ഘോരമകരാ
ദുര്യോധനാവർത്തിനീ ।
സോത്തീർണാ ഖലു പാണ്ഡവൈ രണനദീ
കൈവർത്തകഃ കേശവഃ ॥
(6)
പാരാശര്യവചഃ സരോജമമലം
ഗീതാർത്ഥഗന്ധോത്കടം ।
നാനാഖ്യാനകകേസരം
ഹരികഥാസംബോധനാബോധിതം ।
ലോകേ സജ്ജനഷട്പദൈരഹരഹഃ പേപീയമാനം
മുദാ ।
ഭൂയാദ് ഭാരതപങ്കജം കലിമലപ്രധ്വംസി നഃ
ശ്രേയസേ ॥ (7)
മൂകം കരോതി വാചാലം പംഗും ലഘയതേ
ഗിരിം ।
യത്കൃപാ തമഹം വന്ദേ പരമാനന്ദമാധവം ॥ (8)
യം ബ്രഹ്മാ വരുണേന്ദ്രരുദ്രമരുതഃ
സ്തുന്വന്തി ദിവ്യൈഃ സ്തവൈഃ ।
വേദൈഃ സാംഗപദക്രമോപനിഷദൈ: ഗായന്തി
യം സാമഗാഃ ।
ധ്യാനാവസ്ഥിതതദ്ഗതേന മനസാ പശ്യന്തി
യം യോഗിനോ ।
യസ്യാന്തം ന വിദുഃ സുരാസുരഗണാ:
ദേവായ തസ്മൈ നമഃ ॥
(9)
ഭഗവദ് ഗീതാ ധ്യാനം
ധ്യാനിക്കുന്നു ഞാൻ, അമ്മേ! ഭഗവദ്
ഗീതേ!
പതിനെട്ടദ്ധ്യായങ്ങളിൽ വിലസുന്ന
ദേവീ,
ഭഗവാൻ നാരായണൻ സ്വയം അർജുനന്നായ്
ഉപദേശിച്ചതാം അമൃതമൊഴിയേ! ഭവനാശിനീ!
അദ്വൈതാമൃതം പൊഴിച്ചു വിരാജിക്കും
ഭഗവതീ!
വേദവ്യാസമുനി മഹാഭാരതമദ്ധ്യേ
വിരചിച്ചു
വിജയിച്ചതാം അക്ഷരദേവതേ!
ബോധപ്രകാശിനീ! (1)
വേദവ്യാസമഹർഷേ! വിശാലബുദ്ധേ!
നമസ്തേ!
വിടർന്നു വിലസും പദ്മദളലോചനാ, വിഭോ!
മഹാഭാരതമാം തൈലം നിറച്ചു ജ്ഞാനദീപം
കൊളുത്തി വിശ്വമാകെ
പ്രകാശിപ്പിച്ചതങ്ങല്ലയോ! (2)
ശരണം പണിയുന്നവർക്ക് കൽപവൃക്ഷമായും,
ഒരു കയ്യിൽ ചമ്മട്ടിക്കോൽ പിടിച്ചും മറുകയ്യിൽ
ജ്ഞാനമുദ്ര ധരിച്ചും വിരാജിക്കുന്ന ഭഗവാനേ —
ഗീതാമൃതം കറന്നവനേ! കൃഷ്ണാ, നമസ്തേ (3)
ഉപനിഷത്തുകൾ എല്ലാം പശുക്കൾ,
കൃഷ്ണൻ, ഗോപാലനന്ദനൻ കറവക്കാരനും
പാൽ ചുരത്തും പ്രേരകം,
പശുക്കിടാവർജുനൻ.
പാൽ കുടിക്കുന്നതോ ശുദ്ധബുദ്ധികൾ!
പാലോ അതിമഹത്താം ദിവ്യഗീതാമൃതം. (4)
വന്ദനം, വസുദേവപുത്രാ, ദേവാ,
കംസചാണൂര മർദ്ദകാ!
ദേവകീപരമാനന്ദമേ! കൃഷ്ണാ!
വിശ്വത്തിൻ ഗുരുവരനേ! (5)
ഭീഷ്മദ്രോണന്മാർ രണനദിക്കിരുകരകളും
ജയദ്രഥൻ ജലവും, ശകുനി
നീരാമ്പലും
ശല്യൻ സ്രാവും കൃപൻ പ്രവാഹശക്തിയും
വൻതിരതൻ വേലിയേറ്റമായ് കർണനും
ഘോരമുതലകൾ അശ്വത്ഥാമാവും വികർണനും
വൻ ചുഴിയായ് ദുര്യോധനനും ഉണ്ടായിരുന്നെങ്കിലും
പാണ്ഡവരാ യുദ്ധത്തിൻ ഘോരനദി കടന്നൂ
കടത്തുകാരനായ് കേശവനുണ്ടായിരുന്നതിനാൽ (6)
പരാശരപുത്രൻ വ്യാസന്റെ വാക്കുകളാം തടാകത്തിൽ വിരിഞ്ഞു
ഭഗവദ് ഗീതാസാരമാം ദീപ്തസുഗന്ധം വഹിച്ചുമനേകം ഉപകഥകളാം
കേസരങ്ങളോടെ, ഹരികഥകൾ നന്നായി ബോധിപ്പിച്ചു വിലസിയും
കലിജന്യ ദുഖപാപനാശിനിയായ്
വിരാജിച്ചും സജ്ജനങ്ങളാം വണ്ടുകൾ
ഹർഷമോടെ വീണ്ടുവീണ്ടുമാസ്വദിക്കും പങ്കജം,
നിർമല മഹാഭാരതം
പ്രശോഭിപ്പൂ ശ്രേയസ്സേകി നമ്മെ
അനുഗ്രഹിക്കാൻ സദാ സർവദാ.(7)
യാതൊരു ദേവന്റെ കൃപയാൽ മൂകൻ വാഗ്മിയാകുന്നുവോ
മുടന്തനും വൻമല കയറാൻ
പ്രാപ്തനാകുന്നുവോ,
പരമാനന്ദത്തിൻ ഉറവയാകുമാ മാധവനെ
വന്ദിക്കുന്നു ഞാൻ (8)
ബ്രഹ്മാവും വരുണനും ഇന്ദ്ര,രുദ്ര,മരുത്തുക്കളും
ദിവ്യസ്തോത്രങ്ങളാൽ ആരെ
സ്തുതിക്കുന്നുവോ,
വേദാംഗങ്ങൾ, പദക്രമങ്ങൾ, ഉപനിഷത്തുകൾ
എല്ലാം സമ്യക്കായ് ചേർത്തു വേദമന്ത്രങ്ങളാൽ
സാമഗായകവൃന്ദം ആരെ
പ്രകീർത്തിക്കുന്നുവോ,
യോഗനിഷ്ഠർ, ധ്യാന ദൃഷ്ടിയുറപ്പിച്ചാരെ
കാണുന്നുവോ,
ദേവാസുരഗണങ്ങൾ ആരുടെ മഹിമയറിയുന്നില്ലയോ
ആ ദേവദേവനായിതാ നമസ്കാരം! എൻ വന്ദനം,! (9)
Comments
Post a Comment