ഭഗവദ് ഗീതാ ഗീതകം അദ്ധ്യായം 2 സാംഖ്യയോഗം
ഭഗവദ്ഗീത
അദ്ധ്യായം 2 — സാംഖ്യയോഗഃ
1
സഞ്ജയ ഉവാച
തം തഥാ കൃപയാവിഷ്ടം അശ്രുപൂർണാകുലേക്ഷണം
।
വിഷീദന്തമിദം വാക്യം ഉവാച മധുസൂദനഃ ॥
സഞ്ജയൻ പറഞ്ഞു:
വിഷാദപാരവശ്യനായ്, അസ്ഥാനത്തുണ്ടായ
കൃപയാൽ ആവിഷ്ടനായും കണ്ണുനീരൊഴുക്കിയും
തേർത്തട്ടിൽ തളർന്നിരിക്കും അർജുനനോടായ്
ഇപ്രകാരം ചൊന്നൂ ശ്രീകൃഷ്ണൻ, മധുസൂദനൻ.
2
ശ്രീഭഗവാനുവാച
കുതസ്ത്വാ കശ്മലമിദം വിഷമേ സമുപസ്ഥിതം ।
അനാര്യജുഷ്ടമസ്വർഗ്യം അകീർത്തികരമർജുന ॥
ശ്രീഭഗവാൻ പറഞ്ഞു:
ഈ വിഷമഘട്ടത്തിൽ അർജുനാ നിന്നിൽപ്പോലും
എവിടെ നിന്നുണ്ടായീ ഇതുപോലുള്ള മൌഢ്യം?
ശ്രേഷ്ഠന്മാർക്കിതു ചേരില്ല,
ചീത്തപ്പേരുമുണ്ടാവും
സ്വർഗ്ഗപ്രാപ്തിക്കുതകാത്തതുമാണിതെന്നറിയുക
3
ക്ലൈബ്യം മാ സ്മ ഗമഃ പാർഥ
നൈതത്ത്വയ്യുപപദ്യതേ ।
ക്ഷുദ്രം ഹൃദയദൗർബല്യം ത്യക്ത്വോത്തിഷ്ഠ പരന്തപ ॥
ആണുംപെണ്ണും കെട്ടോരവസ്ഥ ചേരില്ല
നിനക്കർജുനാ! ശത്രുതാപകനാണു നീ
ക്ഷുദ്രമാം ഹൃദയദൌർബല്യം കളഞ്ഞാലും
എണീക്കൂ, തേർത്തട്ടിൽനിന്നുമിക്ഷണത്തിൽ.
4
അർജുന ഉവാച
കഥം ഭീഷ്മമഹം സംഖ്യേ ദ്രോണം ച മധുസൂദന ।
ഇഷുഭിഃ പ്രതിയോത്സ്യാമി പൂജാർഹാവരിസൂദന ॥
അർജുനൻ പറഞ്ഞു:
പൂജനീയരാം ഭീക്ഷ്മരെ, ദ്രോണരേയുമെല്ലാം
ഞാനെങ്ങിനെയെതിർത്തീടും മധുസൂദനാ?
ശരങ്ങളെയ്തവരോടെങ്ങിനെ പോരാടിടും
യുദ്ധത്തിൽ ഞാൻ, ഹേ ശത്രുനാശനാ?
5
ഗുരൂനഹത്വാ ഹി മഹാനുഭാവാൻ
ശ്രേയോ ഭോക്തും ഭൈക്ഷ്യമപീ ഹ ലോകേ ।
ഹത്വാർത്ഥകാമാംസ്തു ഗുരൂനിഹൈവ
ഭുഞ്ജീയ ഭോഗാൻ രുധിരപ്രദിഗ്ദ്ധാൻ ॥
രണത്തിൽ മഹാനുഭാവൻമാരാം ഗുരുക്കന്മാരെ
കൊല്ലുന്നതിലുമെത്ര ഭേദമീ ലോകത്തിൽ
ഭിക്ഷാടനം ചെയ്തു കഴിയുകതന്നെയെനിക്ക്
നല്ലൂ
യുദ്ധം ജയിച്ചു ഞാൻ രാജ്യം
നേടിയെന്നാലും
ഗുരുജനങ്ങൾതൻ ചോരക്കറയുള്ള ഭോജ്യങ്ങൾ
അർത്ഥ-കാമങ്ങളെല്ലാം ഞാൻ ഭുജിക്കേണ്ടയോ?
6
ന ചൈതദ്വിദ്മഃ കതരന്നോ ഗരീയോ
യദ്വാ ജയേമ യദി വാ നോ ജയേയുഃ ।
യാനേവ ഹത്വാ ന ജിജീവിഷാമഃ
തേവസ്ഥിതാഃ പ്രമുഖേ ധാർത്തരാഷ്ട്രാഃ ॥
ഒരു പക്ഷേ ഞങ്ങളവരെ രണത്തിൽ ജയിക്കുമല്ലെങ്കിൽ
അവർ ജയിച്ചേക്കാം; ഇതിലേതാണു ഹിതമെന്നതറിയില്ല.
ആരെ ഇല്ലാതാക്കിയിട്ടിവിടെ ജീവിച്ചിരിക്കാൻ
ഞങ്ങൾ
ഇച്ഛിക്കുന്നില്ലയോ, ആ കൌരവരിതാ മുന്നിൽ
നിൽക്കുന്നൂ
7
കാർപണ്യദോഷോപഹതസ്വഭാവഃ
പൃച്ഛാമി ത്വാം ധർമ്മസംമൂഢചേതാഃ ।
യച്ഛ്രേയഃ സ്യാൻ നിശ്ചിതം ബ്രൂഹി തന്മേ
ശിഷ്യസ്തേfഹം ശാധി മാം ത്വാം
പ്രപന്നം ॥
ദൈന്യനായ് ചപലമനസ്സോടെ നിസ്സഹായനായ്
നിൽക്കുമെൻ സ്വഭാവം പോലും ദോഷമാർന്നിരിക്കുന്നു.
കഴിയുന്നില്ലെനിക്കു സ്വയം തീരുമാനങ്ങളെടുക്കുവാൻ
എൻ ധർമ്മമേതെന്നറിയുന്നില്ലെനിക്കതിനാൽ അങ്ങേ
ശിഷ്യൻ ഞാൻ അവിടുത്തെ ശരണം പ്രാപിച്ചിടട്ടെ!
ശ്രേയസ്ക്കരമെനിക്കെന്താണെന്നങ്ങെന്നെ ശാസിക്കണേ
8
ന ഹി പ്രപശ്യാമി മമാപനുദ്യാത്
യച്ഛോകമുച്ഛോഷണമിന്ദ്രിയാണാം ।
അവാപ്യ ഭൂമാവസപത്നമൃദ്ധം
രാജ്യം സുരാണാമപി ചാധിപത്യം ॥
ഭൂമിയിൽ ശത്രുക്കളില്ലാത്തൊരു രാജ്യമെനിക്കുണ്ടെങ്കിലും
രാജ്യത്തിൽ നിറയെ ഐശ്വര്യസമ്പത്സമൃദ്ധിയുമുണ്ടായാലും,
എനിക്കു ദേവാധിപതിയായുള്ള സ്ഥാനം
കിട്ടിയെന്നാലും
ഇപ്പോൾ എന്നിന്ദ്രിയങ്ങളെയാകെ ചുട്ടെരിക്കും
ശോകാഗ്നിയെ
കെടുത്തുവാൻ എന്തു കർമ്മമാണുചിതമെന്നറിയുന്നില്ല
ഞാൻ
9
സഞ്ജയ ഉവാച
ഏവമുക്ത്വാ ഹൃഷീകേശം ഗുഡാകേശഃ പരന്തപ: ।
ന യോത്സ്യ ഇതി ഗോവിന്ദം ഉക്ത്വാ തൂഷ്ണീം ബഭൂവ ഹ ॥
സഞ്ജയൻ പറഞ്ഞു:
ശത്രുതാപകൻ, വീരൻ, ആലസ്യത്തെ ജയിച്ചവൻ
ഗുഡാകേശൻ അർജുനൻ, ഇന്ദ്രിയങ്ങളെ വിജയിച്ച
ശ്രീകൃഷ്ണനോടിപ്രകാരം
പറഞ്ഞശേഷം, “ഞാൻ
യുദ്ധം ചെയ്യുന്നില്ലെ”ന്നു ശഠിച്ചു
മൌനം ഭജിച്ചിരുന്നു.
10
തമുവാച ഹൃഷീകേശഃ പ്രഹസന്നിവ ഭാരത ।
സേനയോരുഭയോർമദ്ധ്യേ വിഷീദന്തമിദം വചഃ ॥
വിഷാദവാനായ് ഇരുസേനകൾക്കു മദ്ധ്യേ
നിലകൊള്ളും അർജുനനോട് ശ്രീകൃഷ്ണൻ,
ഋഷീകേശൻ, കൃപയോടെ ഇങ്ങിനെ മൊഴിഞ്ഞൂ
മഹാരാജൻ, പുഞ്ചിരിതൂകിക്കൊണ്ടെന്നപോലെ.
11
ശ്രീഭഗവാനുവാച
അശോച്യാനന്വശോചസ്ത്വം പ്രജ്ഞാവാദാംശ്ച
ഭാഷസേ ।
ഗതാസൂനഗതാസൂംശ്ച നാനുശോചന്തി പണ്ഡിതാഃ ॥
ദുഖിച്ചിടാൻ അവകാശമില്ലാത്തവരെക്കുറിച്ചോർത്ത്
നീ
ദുഖിക്കുന്നൂ; നിൻ വാക്കുകളോ
ജ്ഞാനികളെപ്പോലെയും.
ശരിയായ ജ്ഞാനമുള്ളവർക്കില്ലാ ദുഖം
മരിച്ചുപോയവരെ പ്രതി;
അതുപോൽ മരിച്ചിട്ടില്ലാത്തവരും
അവരെ ദുഖിപ്പിക്കുന്നതില്ല.
12
ന ത്വേവാഹം ജാതു നാസം ന ത്വം നേമേ
ജനാധിപാഃ ।
ന ചൈവ ന ഭവിഷ്യാമഃ സർവേ വയമതഃ പരം ॥
ഞാൻ ഇല്ലാതിരുന്നോരവസ്ഥയൊരിക്കലും
ഇല്ലായിരുന്നു
കേൾക്ക നീ, അതിപ്പോഴും
അങ്ങിനെത്തന്നെയായിരിക്കുന്നു
ഒരിക്കലും നീയുമില്ലാതിരുന്നിട്ടില്ല; ഈ
രാജാക്കന്മാരുമങ്ങിനെ.
ഇനിയുമുണ്ടാവും നാമെല്ലാം,
ഇല്ലാതെയാവില്ലാരുമൊരിക്കലും
13
ദേഹിനോഽസ്മിൻ യഥാ ദേഹേ കൗമാരം യൗവനം ജരാ
।
തഥാ ദേഹാന്തരപ്രാപ്തി: ധീരസ്തത്ര ന മുഹ്യതി ॥
ശരീരാഭിമാനിയാം ജീവനിലെങ്ങിനെ കൌമാരം,
യൌവനം, ജരാനരകളിവയുണ്ടാവുന്നു, അത്രമേൽ
സഹജമായുണ്ടാവുന്നൂ ദേഹാവസാനത്തിൽ ജീവന്റെ
ദേഹാന്തരപ്രാപ്തി,യതിനാൽ വിവേകിക്കില്ല
പരിഭ്രമം
14
മാത്രാസ്പർശാസ്തു കൗന്തേയ
ശീതോഷ്ണസുഖദുഃഖദാഃ ।
ആഗമാപായിനോഽനിത്യാ: താംസ്തിതിക്ഷസ്വ ഭാരത ॥
വിഷയങ്ങളുമായി പഞ്ചേന്ദ്രിയങ്ങൾ ബന്ധപ്പെടുമ്പോൾ
സുഖദുഖങ്ങളുണ്ടാവുന്നു; കുന്തീസുതാ,
ശീതോഷ്ണങ്ങളും തദാ.
വന്നും പോയുമിരിക്കുമവയെല്ലാം
അസ്ഥിരങ്ങളറിയുക.
ഹേ അർജുനാ, ക്ഷണികങ്ങളാമവയെ സഹിച്ചു
ശീലിക്കുക.
15
യം ഹി ന വ്യഥയന്ത്യേതേ പുരുഷം പുരുഷർഷഭ ।
സമദുഃഖസുഖം ധീരം സോഽമൃതത്വായ കല്പതേ ॥
ഹേ പുരുഷശ്രേഷ്ഠാ! ഇന്ദ്രിയവിഷയബന്ധങ്ങൾ
നൽകും
സുഖദുഖങ്ങളെ സമമായ് സ്വീകരിച്ചീടുന്ന
ധീരനാരോ
ദുഖിപ്പിക്കുന്നില്ലയവനെയൊന്നും; യോഗ്യനാണവൻ
ആത്മസാക്ഷാത്ക്കാരത്തിൻ
അമൃതത്വമാർജിക്കുവാൻ.
16
നാസതോ വിദ്യതേ ഭാവ: നാഭാവോ വിദ്യതേ സതഃ ।
ഉഭയോരപി ദൃഷ്ടോഽന്ത: ത്വനയോസ്തത്ത്വദർശിഭിഃ ॥
ഇല്ലാത്ത വസ്തുവാം അസത്തിന്നുണ്ടാവില്ല,
ഉണ്മതൻ ഭാവം
ഉള്ള വസ്തുവാം സത്തിന്നുണ്ടാവാ
ഇല്ലെന്നുള്ളോരവസ്ഥയും.
സത്തും അസത്തുമായുള്ള രണ്ടിന്റെയും
പരമാർത്ഥമെന്തെന്ന്
നന്നായറിഞ്ഞു കാട്ടിത്തന്നൂ തത്വദർശികൾ,
മഹർഷിമാർ.
മൂന്നു കാലത്തും മാറാതെ നിലകൊള്ളുന്ന
ആത്മാവാണു സത്ത്.
ആദ്യാന്തങ്ങളിലില്ലാതെ, മദ്ധ്യേ
കാണുന്നതായ് തോന്നുന്ന അനാത്മാവാണസത്ത്; മായയായിതറിയുന്നവർ ബ്രഹ്മജ്ഞരും.
17
അവിനാശി തു തദ്വിദ്ധി യേന സർവമിദം തതം ।
വിനാശമവ്യയസ്യാസ്യ ന കശ്ചിത് കർത്തുമർഹതി ॥
യാതൊന്നിനാൽ പരംപൊരുളായി
എല്ലാം വ്യാപിക്കപ്പെട്ടിരിക്കുന്നുവോ
അതു നാശരഹിതമാണെന്നറിഞ്ഞാലും
ആരാലുമതിനെ നശിപ്പിക്കുവാനാവില്ല
18
അന്തവന്ത ഇമേ ദേഹാ നിത്യസ്യോക്താഃ
ശരീരിണഃ ।
അനാശിനോഽപ്രമേയസ്യ തസ്മാദ്യുദ്ധ്യസ്വ ഭാരത ॥
അറിവിനു വിഷയമാകാത്തവൻ, നാശരഹിതൻ
നിത്യനാം ആത്മാവ് കുടികൊള്ളുന്നൂ,
ദേഹങ്ങളിൽ.
ആത്മാവിൻ ഉപാധിമാത്രമാണവ, നശ്വരങ്ങളും;
അതിനാലർജുനാ യുദ്ധം ചെയ്യൂ ഒട്ടുമേ
മടിക്കാതെ.
19.
യ ഏനം വെത്തി ഹന്താരം യശ്ചൈനം മന്യതേ
ഹതം ।
ഉഭൗ തൗ ന വിജാനീത: നായം ഹന്തി ന ഹന്യതേ ॥
വികാരലേശമോ നാശമോ ഇല്ലാതെ നിലകൊള്ളും
ആത്മാവു കൊല്ലുന്നുവെന്നാരു കരുതുന്നുവോ
അതിനെ കൊല്ലാമെന്നാർക്കു തോന്നുന്നുവോ
രണ്ടുപേരുമതിന്റെ യഥാർത്ഥ്യം
അറിയുന്നതില്ല
ആത്മാവ് ആരെയും ഒരിക്കലും കൊല്ലുന്നില്ല,
ആരാലും ആത്മാവ് കൊല്ലപ്പെടുന്നുമില്ല.
മോഹത്താൽ ജീവനു തോന്നുന്നു, താൻ
കൊല്ലുന്നതായും, കൊല്ലപ്പെടുന്നതായും.
ദേഹനാശത്തിൽ താൻ മരിക്കുന്നതായ്
തോന്നുന്നതഹങ്കാരം, വെറും വ്യാമോഹം.
ദേഹത്തിനും ദേഹാഭിമാനത്തിനും അതീതം
അവയുടെ വികാരങ്ങളെ പ്രകാശിപ്പിക്കും
ആത്മാവ് കേവലം സാക്ഷിചൈതന്യമത്രേ.
20
ന ജായതേ മ്രിയതേ വാ കദാചിത്
നായം ഭൂത്വാ ഭവിതാ വാ ന ഭൂയഃ ।
അജോ നിത്യഃ ശാശ്വതോഽയം പുരാണ:
ന ഹന്യതേ ഹന്യമാനേ ശരീരേ ॥
ആത്മാവ് ഒരിക്കലും ജനിക്കുന്നില്ല മരിക്കുന്നുമില്ല,
ഒരിക്കലുണ്ടായിട്ട് പിന്നെ
ഇല്ലാതാകുന്നുമില്ല.
അജനും നിത്യനും പണ്ടേയുള്ളവനും
ശാശ്വതനും
നിത്യനൂതനനുമായുള്ളതാം ആത്മാവ് ദേഹനാശം
വരുമ്പോഴും ഇല്ലാതാകുന്നില്ല, ഒട്ടും
മാറുന്നുമില്ല.
ഉണ്ടായ വസ്തുവിന്നുമാത്രമേ
മാറ്റമുണ്ടാവൂ, നാശവും
ആത്മാവിന്നില്ല ജനനം; ജനിച്ചാലേ
മരണമുള്ളൂ.
21
വേദാവിനാശിനം നിത്യം യ ഏനമജമവ്യയം ।
കഥം സ പുരുഷഃ പാർത്ഥ കം ഘാതയതി ഹന്തി കം? ॥
ഇങ്ങിനെയാത്മാവിനെ
ജനനമില്ലാത്തവനായും
എന്നുമുള്ളവനായും
ഏറ്റക്കുറച്ചിലുകൾക്കതീതനായും
നാശരഹിതനായും
അറിയുന്നൊരാളെങ്ങിനെ
ആരെ
കൊല്ലുന്നു, കൊല്ലിക്കുന്നു,
കൊല്ലപ്പെടുന്നൂ?
ആർക്കുമാവില്ലാത്മാവിനെ
കൊല്ലുവാൻ കൊല്ലിക്കുവാൻ.
22
വാസാംസി ജീർണാനി യഥാ വിഹായ
നവാനി ഗൃഹ്ണാതി നരോഽപരാണി ।
തഥാ ശരീരാണി വിഹായ ജീർണാനി
അന്യാനി
സംയാതി നവാനി ദേഹീ ॥
ജീർണ്ണവസ്ത്രത്തെ
മാറ്റി മനുഷ്യൻ ഏതുപോൽ
പുതുവസ്ത്രത്തെ
ധരിക്കുന്നുവോ, അതുപോൽ
ദേഹാഭിമാനിയാം
ജീവൻ ജീർണ്ണിച്ച ദേഹത്തെ
ഉപേക്ഷിച്ചു
പുതിയൊരു ദേഹത്തെ പ്രാപിക്കുന്നു.
ദേഹത്തിൽ
കുടികൊള്ളുമാത്മാവ് തന്നുണ്മ
മറന്നപോൽ
ദേഹേന്ദ്രിയങ്ങളുമായ് ഐക്യപ്പെട്ടു
ദേഹിയായ്,
മൂഢജീവനായ് നിലകൊള്ളുന്നു.
പിന്നെ
ദേഹം നശിക്കുമ്പോൾ കൂടുമാറും
പക്ഷിപോൽ
മറ്റൊരു ദേഹത്തിലണയുന്നു.
23
നൈനം ഛിന്ദന്തി ശസ്ത്രാണി നൈനം ദഹതി പാവകഃ ।
ന ചൈനം ക്ലേദയന്ത്യാപ: ന ശോഷയതി മാർുതഃ ॥
24
അച്ഛേദ്യോഽയം അദാഹ്യോഽയം അക്ലേദ്യോഽശോഷ്യ ഏവ ച ।
നിത്യഃ സർവഗതഃ സ്ഥാണു: അചലോഽയം സനാതനഃ ॥
ആയുധങ്ങൾക്കാവില്ലാത്മാവിനെ
മുറിക്കുവാൻ
അഗ്നിക്കാത്മാവിനെ
ദഹിപ്പിക്കാനാവുകില്ല;
ആത്മാവിനെ
നനയ്ക്കില്ല ജലം; ഉണക്കില്ല വായു.
സ്ഥൂലമായൊരായുധംകൊണ്ടുമാവില്ല
സൂക്ഷ്മമാം
ആകാശത്തെ
മുറിക്കുവാൻ; അതിലുമതിസൂക്ഷ്മമാം
ആത്മാവിനെ
ഇതെന്ന് ചൂണ്ടിക്കാണിക്കാനാവില്ല.
സർവ്വത്തേയുമെരിച്ചു
ചാമ്പലാക്കും അഗ്നിക്കാവില്ല
ആത്മാവിനെയെരിക്കുവാൻ;
ജലത്തിലലിയില്ലത്;
കാറ്റേറ്റു
ശോഷിക്കയില്ല; നിത്യനാണാത്മാവ്.
വിശ്വവ്യാപകമാണത്,
ചിരപുരാതനമെങ്കിലും
കാലാതീതം,
സുസ്ഥിരം, നിത്യനൂതനമാണത്.
25
അവ്യക്തോഽയം അചിന്ത്യോഽയം അവികാര്യോഽയം ഉച്യതേ ।
തസ്മാദേവം വിദിത്വൈനം നാനുശോചിതുമർഹസി ॥
ഇന്ദ്രിയങ്ങൾക്കാവില്ല
ആത്മാവിനെയറിയുവാൻ
അതിനാൽ
അവ്യക്തവും മനോബുദ്ധികൾക്ക്
അപ്രാപ്യമതിനാൽ
അചിന്ത്യവുമാണാത്മാവ്.
എങ്ങും
നിറഞ്ഞിരിക്കുന്നതിനാൽ അവികാര്യം
ആത്മാവിനില്ല
നാശമതിനില്ലാ പരിണാമങ്ങളും.
ഏവമാണാത്മാവിൻ
സ്ഥിതിയെന്നറിഞ്ഞാൽ
ദുഖിക്കാനാവകാശമില്ല
ദേഹത്തിൻ നാശത്തിലും.
26
അഥ ചെയനം നിത്യജാതം നിത്യം വാ മന്യസേ മൃതം ।
തഥാപി ത്വം മഹാബാഹോ നൈവം ശോചിതുമർഹസി ॥
അല്ലെങ്കിലാത്മാവിനെ
എന്നും ജനിക്കുന്നവനെന്നും
എന്നും
മരിക്കുന്നവനെന്നും നീ കരുതിയെന്നാലും
ജീവിതംതന്നെ
നിത്യപരിണാമമെന്നു തേറിയായാലും
ഹേ
വീര, മഹാബാഹോ, ദുഖിക്കാനൊട്ടുമില്ല കാരണം.
27
ജാതസ്യ ഹി ധ്രുവോ മൃത്യു: ധ്രുവം ജന്മ മൃതസ്യ ച ।
തസ്മാദപരിഹാര്യേഽർത്ഥേ ന ത്വം ശോചിതുമർഹസി ॥
ജനിച്ചവന്
മരണമുണ്ടാവുമെന്നു നിശ്ചയം
മരിച്ചവന്
ജന്മവും ഉണ്ടെന്നു നീയറിയുക.
തടുക്കാനാർക്കുമാവാത്തയീ
കാര്യത്തിൽ
നിനക്കില്ല
ദുഖിക്കാൻ അവകാശമർജുനാ.
28
അവ്യക്താദീനീ ഭൂതാനി വ്യക്തമദ്ധ്യാനി ഭാരത ।
അവ്യക്തനിധനാന്യേവ തത്ര കാ പരിദേവനാ? ॥
ജീവിതം
വ്യക്തമർജുനാ, കാര്യ-കാരണമറിഞ്ഞാൽ
ജനനത്തിന്
മുൻപുള്ള കാര്യം അവ്യക്തമതുപോൽ,
മരണാനന്തര
കാര്യവും അവ്യക്തം, മദ്ധ്യേയുള്ളതു
മാത്രം
വ്യക്തം, ആകയാൽ വിലപിക്കുന്നതെന്തിന്?
29
ആശ്ചര്യവത് പശ്യതി കശ്ചിദേനം
ആശ്ചര്യവദ് വദതി തഥൈവ ചാന്യഃ ।
ആശ്ചര്യവച്ചൈനം അന്യഃ ശ്രുണോതി
ശ്രുത്വാപ്യേനം വേദ ന ചൈവ കശ്ചിത് ॥
ചിലർ
ആശ്ചര്യമെന്നപോൽ ആത്മാവിനെ കാണുന്നു
മറ്റ്
ചിലരതുപോൽ ആശ്ചര്യമായതിനെ പറയുന്നുവല്ലോ
ഇനിയും
ചിലർ ആശ്ചര്യമായതിനെപ്പറ്റി കേൾക്കുന്നു
എത്രകേട്ടെന്നാലും
ആത്മാവിനെയറിയുന്നതില്ലയാരുമേ.
30
ദേഹീ നിത്യമവധ്യോഽയം ദേഹേ സർവസ്യ ഭാരത ।
തസ്മാത് സർവാണി ഭൂതാനി ന ത്വം ശോചിതുമർഹസി ॥
എല്ലാജീവികൾക്കുള്ളിലും കുടികൊള്ളുന്ന ദേഹി,
ചൈതന്യമായ് നിറഞ്ഞു നിലകൊള്ളുമാത്മാവ്
എന്നുമവധ്യനാണെണറിഞ്ഞാലും അർജുനാ!
ഒരു ജീവിയെക്കുറിച്ചുമതിനാൽ ദുഖിക്കേണ്ട നീ
31
സ്വധർമ്മമപി ചാവേക്ഷ്യ ന വികംപിതുമർഹസി ।
ധർമ്മ്യാദ്ധി യുദ്ധാത് ശ്രേയോഽന്യത് ക്ഷത്രിയസ്യ ന വിദ്യതേ ॥
സ്വധർമ്മമെന്തെന്നു നോക്കിയാലുമില്ല
നിൻ മനം പതറുവാൻ കാരണങ്ങളും
ക്ഷത്രിയൻ നിനക്കു ശ്രേയസ്കരം
ധർമ്മയുദ്ധം, മറ്റൊന്നുമല്ലെറിഞ്ഞാലും
32
യദൃച്ഛയാ ചോപപന്നം സ്വർഗ്ഗദ്വാരം അപാവൃതം ।
സുഖിനഃ ക്ഷത്രിയാഃ പാർത്ഥ ലഭന്തേ യുദ്ധമീദൃശം ॥
ഇതുപോൽ
ധർമ്മയുദ്ധം ചെയ്യാനുള്ള സന്ദർഭം
ദേശ
സംസ്കാര രക്ഷചെയ്യുവാനുള്ള യോഗവും
വന്നു
ചേർന്നൂ നിനക്കപേക്ഷകൂടാതെ തന്നെ
അർജുനാ
നിൻ ഭാഗ്യമായിതിനെ കാണുക.
ക്ഷത്രിയനാം
നിനക്കിതു സ്വർഗ്ഗകവാടമല്ലയോ
33
അഥ ചേത് ത്വമിമം ധർമ്മ്യം സംഗ്രാമം ന കരിഷ്യസി ।
തതഃ സ്വധർമ്മം കീർത്തിം ച ഹിത്വാ പാപമവാപ്സ്യസി ॥
ക്ഷത്രിയനാം
നീ, ധർമ്മയുക്തമാമീ യുദ്ധം,
ചെയ്യാതിരിക്കുകിൽ
നാശമാക്കുന്നൂ നീ നിൻ
സ്വധർമ്മത്തിനെ,
സ്വന്തം കീർത്തിയേയും.
അതിനാൽ
നീ പാപമാർജ്ജിക്കുന്നൂ; അവധ്യരെ
വധിക്കുംപോൽ
പാപം, വധ്യരെ വധിക്കാത്തതും
34
അകീർത്തിം ചാപി ഭൂതാനി കഥയിഷ്യന്തി തേഽവ്യയാം ।
സംഭാവിതസ്യ ചാകീർത്തി: മരണാദതിരിച്യതേ ॥
അതുമല്ല നിന്നെപ്പറ്റി
എന്നെന്നേയ്ക്കും
ലോകർ പറഞ്ഞുപരത്തും ദുഷ്കീർത്തി
സൽപ്പേരുള്ളൊരു ക്ഷത്രിയവീരന്നതെത്ര
പരിതാപകരം! മരണത്തേക്കാളുമപ്പുറം
35
ഭയാദ്രണാദുപരതം മന്യന്തേ ത്വാം മഹാരഥാഃ ।
യേഷാം ച ത്വം ബഹുമത: ഭൂത്വാ യാസ്യസി ലാഘവം ॥
യുദ്ധക്കളത്തിൽ
നിന്നും ഭീരുവായോടിപ്പോയർജുനൻ
എന്നു
കരുതും മഹാരഥന്മാർ; അവരെല്ലാം പണ്ട്
നിന്നെ
ബഹുമാനിച്ചിരുന്നവർ! അവർക്കുമുന്നിൽ
നീയപ്പോൾ
നിസ്സാരനായ്ത്തീരുമെന്നു നിശ്ചയം.
36
അവാച്യവാദാംശ്ച ബഹൂൻ വദിഷ്യന്തി തവാഹിതാഃ ।
നിന്ദന്തസ്തവ സാമർത്ഥ്യം തതോ ദുഃഖതരം നു കിം ॥
ലോകം
നിന്നെ പഴിക്കും; നിൻ ശത്രുക്കളോ
പറഞ്ഞു
രസിക്കും നിന്നെക്കുറിച്ചപവാദങ്ങളും
നിന്നിൽ
പറയാൻ കൊള്ളാത്തതാം ഹീനം
ദൂഷ്യമാരോപിക്കും;
ദുഖമെന്തുളളൂ അതിൽപ്പരം ?
37
ഹതോ വാ പ്രാപ്സ്യസി സ്വർഗ്ഗം ജിത്വാ വാ ഭോക്ഷ്യസേ മഹീം ।
തസ്മാദുത്തിഷ്ഠ കൗന്തേയ യുദ്ധായ കൃതനിശ്ചയഃ ॥
യുദ്ധത്തിൽ
അഥവാ നിനക്കു മരണമുണ്ടായാൽ
നിനക്കായ്
കാത്തിരിക്കുന്നല്ലോ വീരസ്വർഗ്ഗം.
യുദ്ധത്തിൽ
വിജയിച്ചാലോ നിനക്കനുഭവിക്കാം
ഈ
ഭൂമിയെ, സുഖ ഭോഗങ്ങളോടെ നന്നായ്.
അതിനാൽ
മൌഢ്യം വിട്ടെഴുന്നേൽക്കൂ കൌന്തേയാ
യുദ്ധം
ചെയ്യാനുറച്ച തീരുമാനത്തോടെ അർജുനാ.
38
സുഖദുഃഖേ സമേ കൃത്വാ ലാഭാലാഭൗ ജയാജയൗ ।
തതോ യുദ്ധായ യുജ്യസ്വ നൈവം പാപമവാപ്സ്യസി ॥
സുഖത്തെയും
ദുഖത്തെയും ഒരുപോലെ കണ്ട്
ലഭത്തെയും
നഷ്ടത്തെയും ഒരുപോലെ കരുതി
ജയവും
പരാജയവും ഒരുപോലെ നേരിടാനുറച്ച്
പോരിന്നിറങ്ങൂ
നീ, പാപലേശവും തീണ്ടില്ല നിന്നെ.
39
ഏഷാ തേഽഭിഹിതാ സാംഖ്യേ ബുദ്ധിർ യോഗേ ത്വിമാം ശ്രുണു ।
ബുദ്ധ്യാ യുക്തോ യയാ പാർത്ഥ കർമ്മബന്ധം പ്രഹാസ്യസി ॥
ഇതുവരെ
ഞാൻ നിനക്കായോതീ അർജുനാ
സാംഖ്യസിദ്ധാന്തമാർഗ്ഗത്തിലെ
ജ്ഞാനസാരം.
ഇനി
പറയാം ജ്ഞാനം കർമ്മയോഗാനുസാരം.
ഇതറിഞ്ഞെന്നാൽ
കർമ്മബന്ധ വിമുക്തി ഫലം
40
നേഹാഭിക്രമനാശോഽസ്തി പ്രത്യവായോ ന വിദ്യതേ ।
സ്വല്പമപ്യസ്യ ധർമ്മസ്യ ത്രായതേ മഹതോ ഭയാത് ॥
ഏവം
കർമ്മയോഗം ചെയ്യുകിലാ പ്രയത്നമൊട്ടും
നിഷ്ഫലമാവുകില്ല;
അനിഷ്ടഫലമുണ്ടാവുകയുമില്ല.
ഈ
ധർമ്മമാർഗ്ഗേ അൽപ്പമാചരിച്ചാൽപ്പോലും
മഹാഭയത്തിൽ
നിന്നും രക്ഷിച്ചീടുമത് നമ്മളെ.
41
വ്യവസായാത്മികാ ബുദ്ധി: ഏകേഹ കുരുനന്ദന ।
ബഹുശാഖാ ഹ്യനന്താശ്ച ബുദ്ധയോഽവ്യവസായിനാം ॥
ഈ
മാർഗ്ഗത്തിൽ നിശ്ചയദാർഢ്യമുണ്ടായാൽ ബുദ്ധി
ഏക
ലക്ഷ്യത്തിലൂന്നി വർത്തിക്കുന്നൂ ക്രിയാത്മകം.
ദൃഢനിശ്ചയമില്ലാത്തവർതൻ
ബുദ്ധിയും കർമ്മങ്ങളും
അനേകമായി
ചിതറുന്നു, മനസ്സുറപ്പില്ലാത്തതിനാൽ.
അടങ്ങാത്ത
കാമനകൾ നേടാൻ പല കർമ്മങ്ങൾ
തുടങ്ങിവച്ചിട്ടൊന്നും
ഉചിതമായ്ത്തീർക്കാനാവാതെ
അവസാനമില്ലാതെയവ
നീണ്ടുപോവുന്നൂ വിഫലം.
42–44
യാമിമാം പുഷ്പിതാം വാചം പ്രവദന്ത്യവിപശ്ചിതഃ ।
വേദവാദരതാഃ പാർത്ഥ നാന്യദസ്തീതി വാദിനഃ ॥
കാമാത്മാനഃ സ്വർഗ്ഗപരാ ജന്മകർമ്മഫലപ്രദാം ।
ക്രിയാവിശേഷബഹുലാം ഭോഗൈശ്വര്യഗതിം പ്രതി ॥
ഭോഗൈശ്വര്യപ്രസക്താനാം
തയാപഹൃതചേതസാം ।
വ്യവസായാത്മികാ ബുദ്ധിഃ സമാധൗ ന വിദ്യതേ ॥
വേദാർത്ഥവാദങ്ങളിൽ
താൽപ്പര്യമോടെ, ഇതിന്മീതെ
മറ്റൊന്നില്ലെന്നു
വാദിച്ചു കാമികളായ് സ്വർഗ്ഗം പരമ-
ലക്ഷ്യമെന്ന്
ധരിച്ചു മൂഢന്മാർ, വൈദികകർമ്മങ്ങൾ
അനുഷ്ഠിക്കുന്നൂ,
സ്വർഗ്ഗീയ ഭോഗൈശ്വര്യങ്ങൾ നേടുവാൻ.
പുനർജന്മത്തിൽ
ഉചിതമാം ഫലം കിട്ടാനുതകും ക്രിയാ
വിശേഷങ്ങൾ,
കോമളവാക്കുകളാൽ വർണ്ണിച്ചുകേട്ടതിൽ
വശംവദരായ്,
ഭോഗൈശ്വര്യാസക്തരായ് കഴിയുന്നവർ
അശാന്തരാവുന്നൂ
ബുദ്ധി ഏകാഗ്രമല്ലാത്തതിനാൽ.
വേദത്തിലെ
കർമ്മകാണ്ഡം, അന്ത:ക്കരണം ശുദ്ധമാക്കി
ആത്മസാക്ഷാത്ക്കാരത്തിലേക്കു
നയിക്കുന്നൂ സാധകനെ!
എന്നാൽ
മന്ദബുദ്ധികൾ കർമ്മഫലങ്ങൾ ലക്ഷ്യമാക്കുന്നൂ.
45
ത്രൈഗുണ്യവിഷയാ വേദാ: നിസ്ത്രൈഗുണ്യോ ഭവാർജുന ।
നിർദ്വന്ദ്വോ നിത്യസത്ത്വസ്ഥ: നിര്യോഗക്ഷേമ ആത്മവാൻ ॥
വേദങ്ങൾ
സത്വരജസ്തമോഗുണ സംബന്ധിയതിനാൽ
ത്രിഗുണങ്ങൾക്കുമതീതനായ്
വർത്തിക്ക നീ അർജുനാ.
ഗുണങ്ങൾ
മൂന്നും ചേർന്നുണ്ടാവും മനസ്സിന്നതീതനാവൂ.
സുഖദുഖാദിദ്വന്ദങ്ങൾക്കുമതീതനായിരിക്കൂ,
സത്വശുദ്ധിയെ
സദാ
സമാശ്രയിച്ചും യോഗക്ഷേമചിന്തകൾ വെടിഞ്ഞും
ലോകാതീതനായ്
ആത്മസ്വരൂപത്തിൽ ഉറച്ചിരിക്ക നീ.
വിരുദ്ധങ്ങളാം
അനുനുഭവങ്ങൾ ക്ഷണികമെന്നറിഞ്ഞും
ശുദ്ധസത്വത്തിൽ
നിന്നു വ്യതിചലിക്കാതെയും, നേടാനും
നേടിയത്
സ്വാർത്ഥം സൂക്ഷിക്കാനുള്ള ത്വരകളടക്കിയും
അറിഞ്ഞാലും
നിൻ യഥാർത്ഥമാം സത്യാനുഭൂതി സ്വരൂപം.
46
യാവാനർത്ഥ ഉദപാനേ സർവതഃ സംപ്ലുതോദകേ ।
താവാൻ സർവേഷു വേദേഷു ബ്രാഹ്മണസ്യ വിജാനതഃ ॥
കിണറും
കുളങ്ങളുമെല്ലാം മൂടിസർവ്വത്ര വെള്ളം
നിറഞ്ഞിരിക്കുമ്പോൾ
ജലത്തിന്നായെന്തിനു
നാമാ
ചെറു ജലാശയങ്ങളെ ആശ്രയിക്കണം?
ഏവം
ബ്രഹ്മജ്ഞാനമാർജിച്ചയാൾക്കെന്തിന്നു
സർവ്വവേദങ്ങളുമവയിലെ കർമ്മകാണ്ഡങ്ങളും?
സകാമികളാം
മനുഷ്യന്നുണ്ടാവും അഭീഷ്ടസിദ്ധി
വേദോക്തകർമ്മങ്ങളാലിഹത്തിലും
പരത്തിലും.
എന്നാലവയൊക്കെ
ക്ഷണികങ്ങൾ, നശ്വരങ്ങളും.
ബ്രഹ്മജ്ഞാനം
വന്നു പൂർണ്ണതയിലായാലുണ്ടോ
നശ്വരമാം
സുഖങ്ങളിൽ മോഹവും ആസക്തിയും?
47
കർമ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചന ।
മാ കർമ്മഫലഹേതുർഭൂ: മാ തേ സംഗോഽസ്ത്വകർമ്മണി ॥
കർമ്മം ചെയ്യണം സോത്സാഹം,
നൈപുണ്യമോടെയും
കർമ്മഫലത്തിൽ നിനക്കില്ലവകാശമറിഞ്ഞാലും.
സദ്ഫലം നിൻ മിടുക്കു കൊണ്ടെന്ന്
കരുതരുതൊരിക്കലും,
നിഷ്ഫലമെന്നു തേറി കർമ്മങ്ങൾ
ഉപേക്ഷിക്കയും വേണ്ട.
കർമ്മത്തിൻ ഗതികൾ നമുക്ക്
നിയന്ത്രിക്കാമെന്നാൽ
അനന്തമാം ഘടകങ്ങൾ, കാലം, സമൂഹം,
ഭഗവദ് കൃപ,
ചുറ്റുപാടുകളെല്ലാം കർമ്മഫലങ്ങൾക്കു
ഹേതുവാകുന്നൂ.
ഫലസംഗം മനസ്സിനെ
സന്തോഷ-സന്താപചക്രത്തിൽ
ബന്ധിക്കുന്നൂ, കർമ്മജാഗ്രതയെ അത്
ശിഥിലമാക്കുന്നു.
കർമ്മനിഷ്ഫലതയോർത്ത് നിഷ്ക്രിയനാവരുതൊരിക്കലും.
ചെയ്യണം നിയത കർമ്മങ്ങൾ ദൈവാർപ്പിത
യജ്ഞങ്ങളായ്
കർമ്മം യജ്ഞമാവുമ്പോൾ ഇല്ലാ വിജയവും
തോൽവിയും
48
യോഗസ്ഥഃ കുരു കർമ്മാണി സംഗം ത്യക്ത്വാ ധനഞ്ജയ ।
സിദ്ധ്യസിദ്ധ്യോഃ സമോ ഭൂത്വാ സമത്വം യോഗ ഉച്യതേ ॥
കർമ്മഫലങ്ങളിലുള്ള
സംഗം വെടിഞ്ഞു, നേട്ടങ്ങളേയോ
കോട്ടങ്ങളേയോ
നോക്കാതെ, വിജയ പരാജയങ്ങളിൽ
സമബുദ്ധിയോടെ,
മനസ്സിനെ യോഗാവസ്ഥയിലാക്കി
കർമ്മങ്ങൾ
ചെയ്യൂ നീ, കർമ്മയോഗമാണതർജുനാ.
മിഥ്യാസങ്കൽപ്പങ്ങളില്ലാതെ,
ഭൂതകാലത്തെക്കുറിച്ചുള്ള
ചിന്തകളോ
ഭാവിയെക്കുറിച്ചുള്ള ഭയാശങ്കകളോ കൂടാതെ
അഹങ്കാരം
വെടിഞ്ഞെല്ലാ സിദ്ധികളും ഉപയോഗിച്ച്
സമചിത്തനായി
വർത്തിക്കുന്നവൻതന്നെ യോഗി.
49
ദൂരേണ ഹ്യവരം കർമ്മ ബുദ്ധിയോഗാദ്ധനഞ്ജയ ।
ബുദ്ധൗ ശരണം അന്വിച്ഛ കൃപണാഃ ഫലഹേതവഃ ॥
ഏവം
ബുദ്ധിയോഗത്തേക്കാൾ കാര്യസിദ്ധിക്കായ്
ചെയ്യും
കാമ്യകർമ്മങ്ങൾ നികൃഷ്ടമാകുന്നു അർജുനാ.
അതിനാൽ
ജ്ഞാനം നേടൂ, ബുദ്ധിയെ ശരണം പ്രാപിക്കൂ.
ഫലമിച്ഛിച്ചു
കർമ്മം ചെയ്യുന്നവർ ദീനന്മാർ, ചിന്താകുലർ.
ചപലചിന്തകൾ
നിറഞ്ഞ മനസ്സിലില്ല ശാന്തിയൽപ്പവും.
മനോബുദ്ധികളതിനാൽ
നിശ്ചയാത്മികമാക്കിവയ്ക്കണം
50
ബുദ്ധിയുക്തോ ജഹാതീഹ ഉഭേ സുകൃതദുഷ്കൃതേ ।
തസ്മാദ് യോഗായ യുജ്യസ്വ യോഗഃ കർമ്മസു കൗശലം ॥
സമചിത്തനായ് ബുദ്ധിയുക്തം കർമ്മം ചെയ്യുന്ന യോഗി
ഇഹജന്മത്തിലെ
പുണ്യപാപങ്ങളെയെല്ലാം ത്യജിച്ചിടുന്നു.
അതിനാൽ
ബുദ്ധിപൂർവ്വം സ്വീകരിക്കൂ യോഗമാർഗ്ഗത്തെ.
കർമ്മങ്ങളിൽ
നാം അനുവർത്തിക്കും കുശലത യോഗമത്രേ.
സുകൃതങ്ങൾ,
ദുഷ്കൃത്യങ്ങളിവ രണ്ടും മനോകൽപ്പനകളാം.
വാസനാരൂപത്തിലവയെല്ലാം
മനസ്സിൽ തങ്ങിനിൽക്കുന്നു.
മനസ്സിൽ
കർമ്മാഭിമാനമില്ലാത്തവൻ പുതു വാസനകൾ
ആർജ്ജിക്കുന്നില്ലയതിനാൽ
അവൻ കർമ്മയോഗിയാവുന്നു.
51
കർമ്മജം ബുദ്ധിയുക്താ ഹി ഫലം ത്യക്ത്വാ മനീഷിണഃ ।
ജന്മബന്ധവിനിർമുക്താഃ പദം ഗച്ഛന്ത്യനാമയം ॥
ചിന്തകളിൽ
സ്വയം അഭിമാനിക്കുമ്പോൾ അഹങ്കാരവും
കർമ്മഫലങ്ങളിൽ
ആശയുമുണ്ടാകുന്നു എന്നാൽ
യോഗിക്കില്ലാ
അഹങ്കാരവും കർമ്മഫലങ്ങളിലിച്ഛയും.
കർമ്മഫലങ്ങളെ
ഉപേക്ഷിച്ചതാം ജ്ഞാനികൾ
ദുഖവിമുക്തരായ്
ബുദ്ധിയോഗത്തെ സമാശ്രയിച്ചു
കഴിയുമ്പോൾ
മുക്തരാവുന്നൂ, ജന്മബന്ധങ്ങളിൽ നിന്നും
പിന്നെയവർ
പ്രാപിക്കുന്നൂ ആമയരഹിതം പരമം പദം.
52
യദാ തേ മോഹകലിലം ബുദ്ധിർ വ്യതിതരിഷ്യതി ।
തദാ ഗന്താസി നിർവേദം ശ്രോതവ്യസ്യ ശ്രുതസ്യ ച ॥
മോഹകാലുഷ്യങ്ങളെ
ബുദ്ധി അതിജീവിച്ചിടുമ്പോൾ
ഉണരും
നിന്നിൽ വൈരാഗ്യവും ഉദാസീനഭാവവും.
കേട്ടുകഴിഞ്ഞതും, കേട്ടിട്ടില്ലാത്തതാം കാര്യങ്ങളും,
കേൾക്കാനിരിക്കുന്നതുമായുള്ള
വിഷയങ്ങളൊന്നും
ബാധിക്കയില്ല
നിന്നെ; വിഷയങ്ങളിൽ വിരക്തിക്കായ്
ഭ്രാന്തിദോഷമില്ലാതാതിരിക്കണം
മനോബുദ്ധിയിൽ.
53
ശ്രുതിവിപ്രതിപന്നാ തേ യദാ സ്ഥാസ്യതി നിശ്ചലാ ।
സമാധാവചലാ ബുദ്ധിസ്തദാ യോഗമവാപ്സ്യസി ॥
ഇന്നുവരെ
നീ കേട്ടതും അനുഭവിച്ചതുമാം ലൌകിക
വിഷയങ്ങളെക്കുറിച്ചുള്ള
ചിന്തകളാൽ നിന്റെ ബുദ്ധി
കലുഷമായേക്കാമെന്നാൽ
അതേ ബുദ്ധി എപ്പോൾ
നിൻ
ആത്മസ്വരൂപത്തിൽ ആമഗ്നമായ് സുദൃഢം
നിൽക്കുന്നുവോ,
അപ്പോൾ നീ യോഗപ്രാപ്തനായിടും.
54
അർജുന
ഉവാച
സ്ഥിതപ്രജ്ഞസ്യ കാ ഭാഷാ സമാധിസ്ഥസ്യ കേശവ ।
സ്ഥിതധീഃ കിം പ്രഭാഷേത കിമാസീത വ്രജേത കിം ॥
അർജുനൻ പറഞ്ഞു:
കേശവാ,
ഭഗവാനേ, സമാധിസ്ഥനാം സ്ഥിതപ്രജ്ഞന്റെ ലക്ഷണങ്ങളെന്തെല്ലാം? അയാളെങ്ങിനെ സംസാരിക്കും?
പറയൂ,
അയാളെങ്ങിനെ ഇരിക്കും? നടക്കും? സഞ്ചരിക്കും?
എങ്ങിനെയാ
മഹാത്മാവിഹലോകേ കർമ്മനിരതനായിടും?
55
ശ്രീഭഗവാനുവാച
പ്രജഹാതി യദാ കാമാൻ സർവാൻ പാർത്ഥ മനോഗതാൻ ।
ആത്മന്യേവാത്മനാ തുഷ്ടഃ സ്ഥിതപ്രജ്ഞസ്തദോച്യതേ ॥
ഭഗവാൻ പറഞ്ഞു:
അർജുനാ!
ആരൊരാൾ സ്വയം തന്നിൽത്തന്നെ
സന്തുഷ്ടനായി
മനോകാമനകളെയെല്ലാം തീരേ
ഉപേക്ഷിച്ചു
മറ്റൊന്നിന്റെയും ആലംബമില്ലാതെ
സാനന്ദമിരിക്കുന്നുവോ
സ്ഥിതപ്രജ്ഞനാണവൻ.
56
ദുഃഖേഷ്വനുദ്വിഗ്നമനാഃ സുഖേഷു വിഗതസ്പൃഹഃ ।
വീതരാഗഭയക്രോധഃ സ്ഥിതധീർമുനിരുച്യതേ ॥
ദുഖത്തിൽ
അചഞ്ചല മനസ്സോടു കൂടിയവൻ
സുഖത്തിൽ
ആശയില്ലാത്തവൻ; ആസക്തി,
ഭയം,
ക്രോധമെന്നിവ തീണ്ടാത്തവൻ, മുനി,
സമചിത്തൻ,
സ്ഥിതപ്രജ്ഞനായറിയപ്പെടുന്നു.
ആഗ്രഹങ്ങളില്ലാത്തവർക്കില്ല
ഒന്നിലും രാഗം.
അതിനാലവർക്കില്ല
തദ്ജന്യഭയവും ക്രോധവും.
57
യഃ സർവത്രാനഭിസ്നേഹ: തത്തത് പ്രാപ്യ ശുഭാശുഭം ।
നാഭിനന്ദതി ന ദ്വേഷ്ടി തസ്യ പ്രജ്ഞാ പ്രതിഷ്ഠിതാ ॥
ഒന്നിലുമൊരേടത്തും
ഒട്ടലില്ലാതെ ആരൊരാൾ
ശുഭാശുഭങ്ങളെന്തുവന്നാലും
ഒരുപോലെയതിൽ
സന്തോഷമോ
ദുഖമോയില്ലാതെ, വെറുപ്പുകൂടാതെ,
സമതയിലിരിക്കുന്നുവോ,
സ്ഥിതപ്രജ്ഞനാണയാൾ.
നന്മയാർന്ന
ഫലങ്ങളിൽ ഏറെ സന്തോഷിക്കാതെ,
വിപരീതഫലങ്ങളിൽ
മാഴ്കി വിഷാദവാനാകാതെ,
അയാൾ സുഖദുഖസമ്മിശ്രമാം ജീവിതം നയിക്കുന്നൂ.
ബ്രഹ്മനിഷ്ഠനായ്
സമതാഭാവത്തിലഭിരമിക്കുന്നൂ.
58
യദാ സംഹരതേ ചായം കൂർമോഽങ്ഗാനീവ സർവശഃ ।
ഇന്ദ്രിയാണീന്ദ്രിയാർത്ഥേഭ്യ: തസ്യ പ്രജ്ഞാ പ്രതിഷ്ഠിതാ ॥
ആമ
തന്നവയവങ്ങളെയെന്നപോൽ
വിഷയങ്ങളിൽ
നിന്നും എപ്പോഴൊരാൾ
തന്നിന്ദ്രിയങ്ങളെ
പിൻവലിക്കുന്നുവോ
ആ
യോഗിയത്രേ പ്രജ്ഞ സ്ഥിരമായവൻ.
യോഗമാർഗ്ഗത്തിൽ
ഇന്ദ്രിയങ്ങളെ യഥേഷ്ടം
പിൻവലിക്കാൻ
പ്രത്യാഹാരം ശീലിച്ചവൻ.
59
വിഷയാ വിനിവർത്തന്തേ നിരാഹാരസ്യ ദേഹിനഃ ।
രസവർജം രസോഽപ്യസ്യ പരം ദൃഷ്ട്വാ നിവർത്തതേ ॥
വിഷയങ്ങളെ
തൽക്കാലം ആഹാരമെന്നപോൽ
ഉപേക്ഷിക്കുന്നൂ,
ചിലരപ്പോളവ വിട്ടുമാറുന്നുവെന്നാൽ
വിട്ടുപോവുന്നില്ലാ
വിഷയങ്ങളിലെ രസമവനെ, കാമവും.
എന്നാലവനിലെ
വാസനാബദ്ധമാം വിഷയകാമനകൾ
നീങ്ങുന്നൂ
പരമാത്മദർശനം സാക്ഷാത്ക്കരിക്കുമ്പോൾ.
60
യതതോ ഹ്യാപി കൗന്തേയ, പുരുഷസ്യ വിപശ്ചിതഃ ।
ഇന്ദ്രിയാണി പ്രമാഥീനി ഹരന്തി പ്രസഭം മനഃ ॥
ശാസ്ത്രജ്ഞാനമാർജ്ജിച്ചിട്ടിന്ദ്രിയ
നിയന്ത്രണത്തിനായ്
യത്നിക്കുമൊരുവന്റെ
മനസ്സിനെപ്പോലും ക്ഷോഭമാർന്നു
വിലസും
ഇന്ദ്രിയങ്ങൾ വലിച്ചിഴച്ചു ബലാൽ കൊണ്ടുപോകുന്നു.
ചപലമനസ്സിൻ
ഭ്രമകൽപ്പനകളാൽ നാമൊരിക്കലും
വിവേകബുദ്ധിയെ
ഇകഴ്ത്താനിടയാക്കൊലാ, അർജുനാ!.
61
താനി സർവാണി സംയമ്യ യുക്ത ആസീത മത് പരഃ ।
വശേ ഹി യസ്യേന്ദ്രിയാണി തസ്യ പ്രജ്ഞാ പ്രതിഷ്ഠിതാ ॥
പഞ്ചേന്ദ്രിയങ്ങളേയും
നന്നായ് നിയന്ത്രിച്ചു കീഴടക്കി
പരംപൊരുളാകുമെന്നിൽ
മനമേകാഗ്രമാക്കി വയ്ക്കൂ.
ഇന്ദ്രിയങ്ങളെ
സ്വന്തം വരുതിയിലാക്കിയവനാരോ
അയാളിലെ
പ്രജ്ഞ സുസ്ഥിരമാകുന്നൂ എന്നറിയുക.
ഇന്ദ്രിയങ്ങളെ,
വികാരങ്ങളെയും, വിമലമാക്കി അവയെ ശ്രേയസ്സിലേക്കുയർത്തണമതിന്നായ് ധ്യാനത്തിലൂടെ
നേടണം
പ്രശാന്തി; ബലമായിന്ദ്രിയങ്ങളെടക്കിയാൽ
ആത്മസംഘർഷണം
ഫലം, മനോസംയമനമാവില്ലത്.
62–63
ധ്യായതോ വിഷയാൻ പുംസഃ സംഘസ്തേഷൂപജായതേ ।
സംഘാത് സംജായതേ കാമഃ കാമാത് ക്രോധോഽഭിജായതേ ॥
ക്രോധാദ്ഭവതി സംമ്മോഹഃ സംമ്മോഹാത് സ്മൃതിവിഭ്രമഃ ।
സ്മൃതിഭ്രംശാദ് ബുദ്ധിനാശ: ബുദ്ധിനാശാത് പ്രണശ്യതി ॥
മനസ്സിലുണരും
ചിന്തകൾക്കുണ്ടു വലുതാം ശക്തിവിശേഷം.
വിഷയങ്ങളിൽ
മനസ്സുറപ്പിച്ചു ചിന്തയിലാണ്ടിരിക്കുന്നവനിൽ
വിഷയപ്രീതിയുണരുന്നു;
അതിൽ നിന്നു കാമം ജനിക്കുന്നു.
കാമിതങ്ങൾ
സാദ്ധ്യമാവാതിരിക്കുമ്പോൾ ക്രോധമുണ്ടായി,
ക്രോധം
വർദ്ധിക്കുമ്പോൾ ബുദ്ധിനാശവും മറവിയും ഫലം.
മറവി
വിവേകമില്ലാതാക്കുന്നു; പിന്നെ ജീവിതം നശിക്കുന്നു.
വികലസങ്കൽപ്പങ്ങൾ
ചിന്തയെ വിഷയങ്ങളിലേക്കടുപ്പിക്കുന്നു.
വിഷയങ്ങളിൽ
അഭിരുചി കൂടുമ്പോളവയെ സ്വന്തമാക്കാനും
അനുഭവിക്കാനുമുള്ളിൽ
ത്വര മൂത്ത് അവ നടക്കാഞ്ഞാൽ
ക്രോധമുണ്ടായി,
മോഹത്തിനടിപ്പെട്ടു സ്വബോധം മറയുന്നു.
വിവേകമെല്ലാം
നശിച്ചു സ്വയം ജീവിതത്തിൽ താണുപോകുന്നു.
ഏവം
ഇന്ദ്രിയാരാമൻമാർക്കുണ്ടാവുന്നൂ അധപ്പതനമറിയണം.
64
രാഗദ്വേഷവിമുക്തൈസ്തു വിഷയാൻ ഇന്ദ്രിയൈശ്ചരൻ ।
ആത്മവശ്യൈർവിധേയാത്മാ പ്രസാദമധിഗച്ഛതി ॥
ആത്മനിയന്ത്രണമുള്ളവൻ
സമതാഭാവത്തിൽ കാണുന്നൂ വിഷയങ്ങളെ, അവയിൽ രാഗവും ദ്വേഷവും കൂടാതെ തന്നെ.
അങ്ങിനെയുള്ളവൻ
വിഷയ സുഖദുഖങ്ങളെ അനുഭവിച്ചാലും
സംയമിയാം
അവനിലുണ്ടാകുന്നൂ മന:ശാന്തി പ്രസാദം.
ഇന്ദ്രിയങ്ങൾ
സ്വാധീനത്തിലുള്ളപ്പോൾ വിഷയങ്ങൾക്കാവില്ല
വിക്ഷേപങ്ങളാൽ
മനസ്സിനെ മഥിക്കുവാൻ, തളർത്തുവാൻ.
65
പ്രസാദേ
സർവദുഃഖാനാം ഹാനിരസ്യോപജായതേ ।
പ്രസന്നചേതസോഹ്യാശു ബുദ്ധിഃ പര്യവതിഷ്ഠതേ ॥
മന:
പ്രസാദം സർവ്വദുഖങ്ങളേയുമില്ലാതെയാക്കുന്നു
പ്രസന്നചിത്തന്റെ
മനസ്സോ പെട്ടന്നടങ്ങിടുന്നു.
മനസ്സ്
പ്രസന്നമാവുമ്പോൾ പ്രശാന്തി നിറയുന്നു.
വിക്ഷേപലേശമില്ലാത്ത
മനസ്സിലുണ്ടാവില്ല ദുഖവും.
ഏവം
ബുദ്ധിയോഗത്താൽ വാസനകളറ്റുപോവുന്നൂ.
66
നാസ്തി ബുദ്ധിരയുക്തസ്യ ന ചായുക്തസ്യ ഭാവനാ ।
ന ചാഭാവയതഃ ശാന്തി: അശാന്തസ്യ കുതഃ സുഖം ॥
മന:
സംയമനം കൂടാതെയുണ്ടാവില്ലൊരുവനിൽ
ആത്മസ്വരൂപത്തെയറിഞ്ഞിടാനുളള
ബുദ്ധിയും.
അവനില്ലാ
ഭാവന, ആത്മധ്യാനത്തിനുള്ളയറിവും.
ധ്യാനാഭ്യാസമില്ലാത്തവന്നുണ്ടാകാ
മന:ശാന്തിയും.
മന:ശാന്തിയില്ലെങ്കിലെങ്ങിനെയുണ്ടാവാൻ
സുഖം?
മനോനിയന്ത്രണം
വേണം ആത്മവിചാരം ചെയ്യുവാൻ
ആത്മധ്യാനമേ
മാർഗ്ഗം മന: ശാന്തി ലഭിക്കുവാൻ.
67
ഇന്ദ്രിയാണാം ഹി ചരതാം യന്മനോഽനുവിധീയതേ ।
തദസ്യ ഹരതി പ്രജ്ഞാം വായുർ നാവമിവാംഭസി ॥
വിഷയങ്ങളിൽ
വ്യാപരിക്കും മനസ്സോടുന്നൂ
ഇന്ദ്രിയങ്ങൾക്കു
പിന്നാലേ; വെള്ളത്തിലെ
തോണിക്കു
കാറ്റെന്നപോലെ, വിഷയിതൻ
മനസ്സ്
വിവേകത്തെ വലിച്ചുകൊണ്ടുപോകുന്നൂ.
അമരക്കാരനില്ലാതെ
കൊടുങ്കാറ്റിലുലയും
പായ്
തോണി ലക്ഷ്യത്തിലെത്തുവതെങ്ങിനെ?
68
തസ്മാദ് യസ്യ മഹാബാഹോ നിഗൃഹീതാനി സർവശഃ ।
ഇന്ദ്രിയാണീന്ദ്രിയാർത്ഥേഭ്യ: തസ്യ പ്രജ്ഞാ പ്രതിഷ്ഠിതാ ॥
ഹേ
വീര! അർജുനാ കേട്ടാലും നീ
ആരുടെ
ഇന്ദ്രിയങ്ങൾ പരിപൂർണ്ണമായ്
വിഷയങ്ങളിൽ
നിയന്ത്രിതമായിരിക്കുന്നു,
സ്ഥിതപ്രജ്ഞനാണവൻ,
യോഗിയും.
യോഗി
ഇന്ദ്രിയങ്ങളെ നയിക്കുമ്പോൾ
ഭോഗിയോ,
അവക്കടിമയായ്ക്കഴിയുന്നൂ.
69
യാ നിശാ സർവഭൂതാനാം തസ്യാം ജാഗർത്തി സംയമി ।
യസ്യാം ജാഗ്രതി ഭൂതാനി സാ നിശാ പശ്യതോ മുനേഃ ॥
എല്ലാജീവജലങ്ങൾക്കും
രാത്രിയാകുമ്പോൾ
ജിതേന്ദ്രിയൻ
രാത്രിയിലുണർന്നിരിക്കുന്നൂ.
ജീവജാലങ്ങളെല്ലാം
ഉണർന്നിരിക്കുന്നതാം
പകൽ
തത്വജ്ഞാനിയാം മുനിക്ക് രാത്രിയും.
അജ്ഞനാം
ഭോഗിക്കും ജ്ഞാനസ്ഥനാം
യോഗിക്കും
അനുഭവങ്ങൾ വ്യതിരിക്തമാം.
മനസ്സാം
കണ്ണാടിയിൽക്കൂടിയജ്ഞാനി
ലോകത്തെ
കാണുന്നു; ശുദ്ധബോധത്തിൽ
യോഗി
കാണുന്നൂ, ലോകത്തെ ബ്രഹ്മമായ്.
70
ആപൂര്യമാണമചലപ്രതിഷ്ഠം
സമുദ്രമാപഃ
പ്രവിശന്തി യദ്വത് ।
തദ്വത് കാമാ യം പ്രവിശന്തി സർവേ
സ
ശാന്തിമാപ്നോതി ന കാമകാമീ ॥
ഇളകാതെ
നിറഞ്ഞു നിലകൊള്ളും സമുദ്രത്തിൽ
നാനാ
നദികളിലെ ജലമൊഴുകിയെത്തുന്നപോലെ
സഹജമായാരിൽ
സർവ്വകാമനകളുമടിയുന്നുവോ
പ്രശാന്തി
അവനുണ്ടാകുന്നു; ഭോഗിക്കുണ്ടാവില്ലത്.
നദികളെത്രയൊഴുകിയെത്തിയായാലും
സമുദ്രം
ജലനിരപ്പുയരാതെ
ശാന്തഗംഭീരമായിരിക്കുന്നൂ.
71
വിഹായ കാമാൻ യഃ സർവ്വാൻ പുമാംശ്ചരതി നിസ്പൃഹഃ ।
നിർമ്മമോ നിരഹങ്കാരഃ സ ശാന്തിമധിഗച്ഛതി ॥
ആരാണോ
സർവ്വ കാമങ്ങളും ഉപേക്ഷിച്ച്
ആശയും
മമതയും അഹങ്കാരവും കൂടാതെ
മനസംയമത്തോടെ
വർത്തിക്കുന്നത്,
അവനുണ്ടാവുന്നൂ
നീണ്ടുനിൽക്കും പ്രശാന്തി.
ഒന്നിലും
മനസ്സുവയ്ക്കാതെ, ഒന്നും തന്റേതെന്നു
കരുതാതെ,
പണ്ഡിത്യത്തിന്റെ ഗർവ്വില്ലാതെ
ജീവിക്കും
സംന്യാസിയടയുന്നൂ പരമം പദം
72
ഏഷാ ബ്രാഹ്മീ സ്ഥിതിഃ പാത്ർഥ നൈനാം പ്രാപ്യ വിമുഹ്യതി ।
സ്ഥിത്വാസ്യാമന്തകാലേഽപി ബ്രഹ്മനിർവാണമൃച്ഛതി ॥
ഇതാണു
പാത്ഥാ ഞാൻ ചൊന്ന ബ്രഹ്മനിഷ്ഠ.
ഈ
ജ്ഞാനം നന്നായ് നേടിയാൽപ്പിന്നെ
ഭ്രമിക്കയില്ല
നാം സംസാരജീവിതത്തിൽ.
ജീവിതാവസാനകാലത്തിലെങ്കിലുമിതിൽ
നിഷ്ഠനായാൽ
ബ്രഹ്മനിർവ്വാണ പദം ഫലം.
അഹങ്കാരം
വെടിയുമ്പോൾ നാമണയുന്നൂ
ആത്മഗേഹം,
ആത്മതത്വത്തിൻ തലം.
ഹരി ഓം
ഓം തത് സത്
ഇതി ഭഗവദ് ഗീതാസു ഉപനിഷത്സു
ബ്രഹ്മവിദ്യായാം
യോഗശാസ്ത്രേ
ശ്രീകൃഷ്ണാർജ്ജുന സംവാദേ
സാംഖ്യയോഗോ നാമ
ദ്വിതീയോഽദ്ധ്യായ:
ഹരി ഓം
ഇപ്രകാരം ശ്രീമദ് ഭഗവദ് ഗീതാരൂപമായ
ഉപനിഷത്തിൽ
ബ്രഹ്മവിദ്യാന്തർഗതമായ
യോഗശാസ്ത്രത്തിൽ
ശ്രീകൃഷ്ണാർജ്ജുന സംവാദത്തിൽ
സാംഖ്യയോഗം എന്ന
രണ്ടാം അദ്ധ്യായം കഴിഞ്ഞു
Comments
Post a Comment