ഭഗവദ് ഗീതാ ഗീതകം അദ്ധ്യായം 1 അർജുന വിഷാദയോഗം

 

ഭഗവദ്ഗീത

അദ്ധ്യായം 1 – അർജുനവിഷാദയോഗം

ധൃതരാഷ്ട്ര ഉവാച

1. ധര്‍മ്മക്ഷേത്രേ കുരുക്ഷേത്രേ സമവേതാ യുയുത്സവഃ

   മാമകാഃ പാണ്ഡവാശ്ചൈവ കിമകുർവത സഞ്ജയ

 

ധൃതരാഷ്ട്രൻ പറഞ്ഞു:

ധർമ്മത്തിൻ പുണ്യഭൂമിയാം കുരുവംശത്തിന്റെ

മണ്ണാകും കുരുക്ഷേത്രത്തിൽ, യുദ്ധോത്സുകരായി

ഒരുമിച്ചെത്തിച്ചേർന്നതാമെന്റെ സ്വന്തം മക്കളും

പിന്നെയാ പാണ്ഡവരും എന്തു ചെയ്തു സഞ്ജയാ?

 

സഞ്ജയ ഉവാച

2. ദൃഷ്ട്വാ തു പാണ്ഡവാനീകം വ്യൂഢം ദുര്യോധനസ്തദാ

   ആചാര്യമുപസംഗമ്യ രാജാ വചനമബ്രവീത്

 

സഞ്ജയൻ പറഞ്ഞു:

നന്നായ് ക്രമത്തിലൊരു വ്യൂഹമായ് നിരന്നു

നിൽക്കും പാണ്ഡവസൈന്യത്തെ കണ്ടനേരം

രാജാ ദുര്യോധനൻ  തെല്ലസ്വസ്ഥഭാവനായ്

ദ്രോണാചാര്യനെ സമീപിച്ചിട്ടിപ്രകാരം പറഞ്ഞു.

 

 

3. പശ്യൈതാം പാണ്ഡുപുത്രാണാം ആചാര്യ മഹതീം ചമൂം

   വ്യൂഢാം ദ്രുപദപുത്രേണ തവ ശിഷ്യേണ ധീമതാ

 

കണ്ടാലും ആചാര്യാ, പാണ്ഡുവിൻ പുത്രൻമാർ

വലിയൊരു സൈന്യത്തിനെ വിന്യസിച്ചതായ്.

തവ ശിഷ്യൻ ബുദ്ധിമാൻ ധീരൻ ദ്രുപദപുത്രൻ,

ക്രമവ്യൂഹമായൊരുക്കിയ വൻപടയൊന്നിനെ.

 

4. അത്ര ശൂരാ മഹേഷ്വാസാ ഭീമാര്‍ജുനസമാ യുധി

   യുയുധാനോ വിരാടശ്ച ദ്രുപദശ്ച മഹാരഥഃ

5. ധൃഷ്ടകേതുശ്ചേകിതാനഃ കാശിരാജശ്ച വീര്യവാൻ 

   പുരുജിത് കുന്തിഭോജശ്ച ശൈബ്യശ്ച നരപുംഗവഃ

6. യുധാമന്യുശ്ച വിക്രാന്ത: ഉത്തമൗജാശ്ച വീര്യവാൻ 

   സൗഭദ്രോ ദ്രൗപദേയാശ്ച സര്‍വ ഏവ മഹാരഥാഃ

 

പാണ്ഡവസൈന്യത്തിൽ ഭീമനുണ്ട്  

അർജുനനും, അവർക്ക് തുല്യരാം  

വില്ലാളിവീരന്മാരുമുണ്ട്; മഹാരഥന്മാർ

യുയുധാനൻ, വിരാടൻ, ദ്രുപദനും.

അതിലുണ്ട് ധൃഷ്ടകേതു, ചേകിതാനൻ,

വീരൻ കാശിരാജൻ, പുരുജിത്, കുന്തിഭോജൻ,

പിന്നെ ശൈബ്യൻ, മാനവശ്രേഷ്ഠരാം 

ഇവരെല്ലാം മഹാവീരന്മാരുമത്രേ!

ധൈര്യശാലി  യുധാമന്യു, പരാക്രമനാം

ഉത്തമൗജസ്, ശൂരൻ സുഭദ്രാസുതൻ അഭിമന്യു,

പിന്നെ ദ്രൗപദീ പുത്രന്മാർ; കേട്ടാലും ഇവരെല്ലാം

യുദ്ധവീരന്മാർ, മഹാരഥന്മാരുമത്രേ!

 

7. അസ്മാകം തു വിശിഷ്ടാ യേ താന്‍നിബോധ ദ്വിജോത്തമ

   നായകാ മമ സൈന്യസ്യ സംജ്ഞാര്‍ത്ഥം താന്‍ ബ്രവീമി തേ

 

ബ്രാഹ്മണശ്രേഷ്ഠനാം ആചാര്യാ! കേട്ടറിഞ്ഞാലുമിപ്പോൾ

ഞങ്ങൾതൻ സൈന്യത്തിലുള്ളതാം വിശിഷ്ട യോദ്ധാക്കളെ!

ഞാനങ്ങേയ്ക്ക് പറഞ്ഞു തന്നിടാം നമ്മുടെ യുദ്ധശക്തിയെ!

പരിചയപ്പെടുത്താമെൻ പടയിലെ വീരരെ, രണശൂരരെയും

 

8. ഭവാന്‍ ഭീഷ്മശ്ച കര്‍ണശ്ച കൃപശ്ച സമിതിഞ്ജയഃ

   അശ്വത്ഥാമാ വികര്‍ണശ്ച സൗമദത്തിസ്തഥൈവ ച

 

ദ്രോണനാം അവിടുന്നും, ഭീഷ്മനും, കർണനും,

യുദ്ധവിജയിയാം കൃപാചാര്യനും, അശ്വത്ഥാമാവും,

വികർണനും, സൗമദത്തീ സൂതൻ ഭൂരിശ്രവസും

ഇവരെല്ലാമെൻ സൈന്യത്തിലുണ്ടറിഞ്ഞാലും.

 

9. അന്യേ ച ബഹവഃ ശൂരാ: മദര്‍ത്ഥേ ത്യക്തജീവിതാഃ

   നാനാശസ്ത്രപ്രഹരണാഃ സര്‍വേ യുദ്ധവിശാരദാഃ

എനിക്കായ് ജീവൻ പോലും ത്യജിക്കാൻ

തയ്യാറായി നിൽക്കും വീരന്മാരുണ്ടനേകം.

വിവിധങ്ങളാം ആയുധങ്ങൾ നന്നായ് പയറ്റാൻ

സജ്ജരായുള്ള രണവീരന്മാരവരൊക്കെയും.

 

10. അപര്യാപ്തം തദസ്മാകം ബലം ഭീഷ്മാഭിരക്ഷിതം

    പര്യാപ്തം ത്വിദമേതേഷാം ബലം ഭീമാഭിരക്ഷിതം

 

ഭീഷ്മർ സംരക്ഷിക്കും നമ്മൾതൻ  സൈന്യമോ

അസംഖ്യം, അളവില്ലാത്തത്ര വിശാലമറിഞ്ഞാലും.

എന്നാലാ പാണ്ഡവൻ, ഭീമൻ രക്ഷകനായിരിക്കും

അവർതൻ സൈന്യമോ കേവലമെത്ര പരിമിതം.  

 

11. അയനേഷു ച സര്‍വേഷു യഥാഭാഗമവസ്ഥിതാഃ

    ഭീഷ്മമേവാഭിരക്ഷന്തു ഭവന്തഃ സര്‍വ ഏവ ഹി

 

നിങ്ങളെല്ലാവരുമീ  മഹായുദ്ധത്തിൽ തീർച്ചയായും

സ്വസ്ഥാനങ്ങളിൽ നിലയുറപ്പിച്ചു നിന്നുചിതമായ്

സ്വന്തം ചുമതലകൾ നന്നായ് ചെയ്തെല്ലായിടത്തും

ഭീഷ്മരെ  സംരക്ഷിക്കവേണം ഏതു വിധേനെയും.

 

12. തസ്യ സംജനയന്‍ ഹര്‍ഷം കുരുവൃദ്ധഃ പിതാമഹഃ

    സിംഹനാദം വിനദ്യോച്ചൈഃ ശംഖം ദധ്മൗ പ്രതാപവാൻ

ദുര്യോധനനെ സന്തോഷിപ്പിക്കുവാനായും

ഉത്സാഹമവനിൽ വർദ്ധിതമാക്കുവാനും

ശംഖം മുഴക്കീ സിംഹനാദംപോലുച്ചത്തിൽ

വൃദ്ധനാം ഭീഷ്മർ കുരുവംശ പിതാമഹൻ.

 

13. തതഃ ശംഖാശ്ച ഭേര്യശ്ച പണവാനകഗോമുഖാഃ

    സഹസൈവാഭ്യഹന്യന്ത സ ശബ്ദസ്തുമുലോഽഭവത്

 

പിന്നെയവിടെയെങ്ങും മുഴങ്ങീ അത്യുച്ചത്തിൽ

ശംഖങ്ങൾ, ഭേരികൾ, തകിലുകൾ, മൃദംഗങ്ങൾ  

കൊമ്പുവാദ്യങ്ങൾ, പെരുമ്പറകൾ എല്ലാം ചേർന്നു

പെട്ടെന്നൊരുമിച്ചാഞ്ഞടിച്ചൂ രണരവം ഭയങ്കരം.

 

14. തതഃ ശ്വേതൈര്‍ഹയൈര്‍യുക്തേ മഹതി സ്യന്ദനേ സ്ഥിതൗ

    മാധവഃ പാണ്ഡവശ്ചൈവ ദിവ്യൗ ശംഖൗ പ്രദധ്മതുഃ

 

പിന്നെ തൂവെള്ളക്കുതിരകൾ പൂട്ടിയൊരുക്കിയ

അതിമഹത്താം യുദ്ധരഥത്തിൽ നിന്നു കൊണ്ടേ

മാധവനാം കൃഷ്ണനും പാണ്ഡവനാം അർജുനനും

ദിവ്യശംഖങ്ങൾ മുഴക്കീ, മാറ്റൊലിക്കൊള്ളും വിധം.

 

15. പാഞ്ചജന്യം ഹൃഷീകേശോ ദേവദത്തം ധനഞ്ജയഃ

    പൗണ്ഡ്രം ദധ്മൗ മഹാശംഖം ഭീമകര്‍മ്മാ വൃകോദര:

16. അനന്തവിജയം രാജാ കുന്തീപുത്രോ യുധിഷ്ഠിരഃ

    നകുലഃ സഹദേവശ്ച സുഘോഷമണിപുഷ്പകൗ

 

പഞ്ചേന്ദ്രിയനാഥനാം കൃഷ്ണൻ പാഞ്ചജന്യവും

ധനഞ്ജയൻ, അർജുനൻ ദേവദത്തവും മുഴക്കീ

വൃകോദരൻ, മഹാവീരൻ, ഭയങ്കരൻ ഭീമൻ

നന്നായ് മുഴക്കീ മഹാശംഖമാം പൗണ്ഡ്രവും.

 

കുന്തീസൂതൻ രാജാ യുധിഷ്ഠിരൻ മുഴക്കീ

അതിദിവ്യമാം ശംഖം, അനന്തവിജയം,

നകുലൻ മുഴക്കീ  സുഘോഷം, പിന്നെ

സഹദേവൻ മണിപുഷ്പക ശംഖവും തദാ.

 

17. കാശ്യശ്ച പരമേഷ്വാസഃ ശിഖണ്ഡീ ച മഹാരഥഃ

    ധൃഷ്ടദ്യുമ്നോ വിരാടശ്ച സാത്യകിശ്ചാപരാജിതഃ

18. ദ്രുപദോ ദ്രൗപദേയാശ്ച സര്‍വശഃ പൃഥിവീപതേ

    സൗഭദ്രശ്ച മഹാബാഹുഃ ശംഖാന്‍ ദധ്മുഃ പൃഥക്പൃഥക്

 

അപ്പോൾ പാണ്ഡവരിലെ ശ്രേഷ്ഠധനുര്‍ധരൻ

കാശിരാജനും, മഹാരഥൻമാർ ധൃഷ്ടദ്യുമ്നനും,

വിരാടനും, പിന്നെ അജയ്യനാം സാത്യകിയും

അവരുടെ ദിവ്യമാം ശംഖുകൾ ഉച്ചത്തിൽ മുഴക്കീ.

 

എല്ലാദിശകളിൽനിന്നും രാജൻ, വെവ്വേറെ മുഴക്കീ ശംഖങ്ങൾ

ദ്രുപദനും, ദ്രൗപദീ സുതന്മാരും, മഹാബാഹു അഭിമന്യുവും.

 

19. സ ഘോഷോ ധാര്‍ത്തരാഷ്ട്രാണാം ഹൃദയാനി വ്യദാരയത്

    നഭശ്ച പൃഥിവീം ചൈവ തുമുലോ വ്യനുനാദയൻ

 

ധാർത്തരാഷ്ട്രന്മാരെ വിറപ്പിച്ചും ആകാശവും ഭൂമിയും നിറച്ചും

പാണ്ഡവർ മുഴക്കും ശംഖനാദം മഹാഘോഷമായീ ഭയങ്കരം.

 

20. അഥ വ്യവസ്ഥിതാന്‍ ദൃഷ്ട്വാ ധാര്‍ത്തരാഷ്ട്രാന്‍ കപിധ്വജഃ

    പ്രവൃത്തേ ശസ്ത്രസമ്പാതെ ധനുരുദ്യമ്യ പാണ്ഡവഃ

21. ഹൃഷീകേശം തദാ വാക്യം ഇദമാഹ മഹീപതേ

 

യുദ്ധാരംഭസമയേ രണോത്സുകരായ്

നിൽക്കും കൌരവന്മാരെ കണ്ടപ്പോൾ

ഹനുമാൻ കൊടിയടയാളമായുള്ളവൻ

അർജുനൻ, തൻ വില്ലുയർത്തിപ്പിടിച്ചൂ.

 

എന്നിട്ടു പാർത്ഥൻ ചൊന്നു രാജാവേ,

ഋഷീകേശൻ ശ്രീകൃഷ്ണനോടിപ്രകാരം

 

അർജുന ഉവാച

    സേനയോരുഭയോര്‍മദ്ധ്യേ രഥം സ്ഥാപയ മേഽച്യുത

22. യാവദേതാന്‍ നിരീക്ഷേഽഹം യോദ്ധുകാമാനവസ്ഥിതാൻ  

    കൈര്‍മയാ സഹ യോദ്ധവ്യം അസ്മിന്‍ രണസമുദ്യമേ

23. യോത്സ്യമാനാനവേക്ഷേഽഹം യ ഏതേഽത്ര സമാഗതാഃ

    ധാര്‍ത്തരാഷ്ട്രസ്യ ദുര്‍ബുദ്ധേര്: യുദ്ധേ പ്രിയചികീര്‍ഷവഃ

 

അർജുനൻ പറഞ്ഞു:
രണ്ടു സൈന്യങ്ങൾതൻ മദ്ധ്യത്തിലായ്

നിർത്തിത്തന്നാലും, അച്യുതാ! എൻ രഥം.

ഞാനാരോടൊക്കെയിവിടെയീ രണത്തിൽ

പൊരുതേണ്ടിവരുമെന്നറിയും വിധത്തിൽ. 

യുദ്ധകാമരായ് നിലകൊള്ളും രണവീരരെ

നിരീക്ഷിക്കുവാനായ് രഥം നിർത്തിയാലും

ദുർബുദ്ധിയാം ധൃതരാഷ്ട്രപുത്രന്നു പ്രിയം

ചെയ്യാൻ ഇച്ഛയോടെയത്യുത്സുകരായ്

യുദ്ധം ചെയ്യുവാനിവിടെ കൂടിച്ചേർന്നവർ
ആരൊക്കെയെന്ന് നോക്കിട്ടെ ഞാൻ

 

സഞ്ജയ ഉവാച

24. ഏവമുക്തോ ഹൃഷീകേശ: ഗുഡാകേശേന ഭാരത

    സേനയോരുഭയോര്‍മദ്ധ്യേ സ്ഥാപയിത്വാ രഥോത്തമം

25. ഭീഷ്മദ്രോണപ്രമുഖതഃ സര്‍വേഷാം ച മഹീക്ഷിതാം

    ഉവാച പാര്‍ത്ഥ പശ്യൈതാന്‍ സമവേതാന്‍ കുരൂനിതി

26. തത്രാപശ്യത് സ്ഥിതാന്‍ പാര്‍ത്ഥ: പിതൃനഥ പിതാമഹാന്‍

    ആചാര്യാന്‍ മാതുലാന്‍ ഭ്രാതൃന്‍ പുത്രാന്‍ പൌത്രാന്‍ സഖീംസ്തഥാ

27. ശ്വശുരാന്‍സുഹൃദശ്ചൈവ സേനയോരുഭയോര്‍അപി

    താന്‍സമീക്ഷ്യ സ കൗന്തേയഃ സര്‍വാന്‍ ബന്ധൂനവസ്ഥിതാൻ

28. കൃപയാ പരയാവിഷ്ടോ വിഷീദന്നിദമബ്രവീത്

 

സഞ്ജയൻ പറഞ്ഞു:

അർജുനനാലിപ്രകാരം നിയുക്തനായി ക്ഷണത്തിൽ

ഋഷീകേശൻ കൃഷ്ണൻ ഇരുസേനകൾക്കുമിടയിലായ്

ഭീക്ഷ്മദ്രോണാദികൾക്കു മുന്നിൽ മഹതാമാ രഥം

തെളിച്ചു കൊണ്ട് വന്ന് നിർത്തിപ്പറഞ്ഞു രാജാവേ!

“കണ്ടാലും അർജ്ജുനാ! യുദ്ധത്തിന്നായ് 

ഒന്നുചേർന്നു നിൽക്കും കൌരവക്കൂട്ടങ്ങളെ.”

അർജുനൻ കണ്ടൂ രണ്ട് സേനകളിലുമവിടെനിൽക്കും

പിതാക്കന്മാരെ, പിതാമഹന്മാരെ, ആചാര്യരെ!

മാതുലന്മാരെ, ഭ്രാതാക്കളെ, പുത്രന്മാരെ, സഖികളെ.

പിന്നെയതുപോൽ കണ്ടൂ ശ്വശുരന്മാരെ, സുഹൃത്തുക്കളെ!

യുദ്ധക്കളത്തിൽ തൻ ബന്ധുക്കളേയും മിത്രങ്ങളേയും

കണ്ടുള്ളിൽ  വർദ്ധിച്ചതാം കാരുണ്യമോടെയർജുനൻ

ഏറെ വിഷാദവാനായ്ത്തീർന്നിട്ടിപ്രകാരം പറഞ്ഞു:  

 

അർജുന ഉവാച

    ദൃഷ്ട്വേമം സ്വജനം കൃഷ്ണ യുയുത്സും സമുപസ്ഥിതം

29. സീദന്തി മമ ഗാത്രാണി മുഖം ച പരിശുഷ്യതി

    വേപഥുശ്ച ശരീരേ മേ രോമഹര്‍ഷശ്ച ജയതേ

30. ഗാന്ഡീവും സ്രംസതേ ഹസ്താത് ത്വക് ചൈവ പരിദഹ്യതേ

    ന ച ശക്നോമ്യവസ്ഥാതും ഭ്രമതീവ ച മേ മനഃ

31. നിമിത്താനി ച പശ്യാമി വിപരീതാനി കേശവ

    ന ച ശ്രേയോഽനുപശ്യാമി ഹത്വാ സ്വജനമാഹവേ

 

അർജുനൻ പറഞ്ഞു:

യുദ്ധം ചെയ്യുവാനായ് നിരന്നെൻ മുന്നിൽ

നിൽക്കുമെൻ ബന്ധുക്കളെക്കണ്ടെന്റെ

ദേഹമാകെ തളരുന്നു; വായ് വരണ്ടുപോകുന്നു

ശരീരം രോമാഞ്ചം കൊണ്ടു വിറയ്ക്കുന്നൂ   

കൈപ്പിടിയിൽ നിൽക്കാതെ വഴുതി വീഴുന്നൂ

എൻ ഗാണ്ഡീവം, ചുട്ടുനീറുന്നൂ ദേഹവും,

മനസ്സാകെ പരിഭ്രമം പൂണ്ടിരിക്കുന്നൂ

നിൽക്കാനും ശക്തിയില്ലെനിക്കിപ്പോൾ!

അപശകുനങ്ങൾ കാണുന്നു ഞാനെങ്ങും  

ലക്ഷണങ്ങളെല്ലാം പ്രതികൂലമാണു കേശവാ!

യുദ്ധത്തിൽ ബന്ധുജനങ്ങളെ കൊന്നെന്നാൽ

ശ്രേയസ്സെനിക്കുണ്ടാവുമെന്നു തോന്നുന്നുമില്ല.

 

32. ന കാംക്ഷേ വിജയം കൃഷ്ണ ന ച രാജ്യം സുഖാനി ച

    കിം നോ രാജ്യേന ഗോവിന്ദ കിം ഭോഗൈര്‍ജീവിതേന വാ

 

ആഗ്രഹമെനിക്കൊട്ടുമില്ല കൃഷ്ണാ യുദ്ധവിജയത്തിലും

വേണ്ടെനിക്ക് ഗോവിന്ദാ രാജ്യവും സുഖഭോഗവും.

രാജ്യവും ഭോഗങ്ങളും കിട്ടിയാലെന്തു പ്രയോജനം?

ഈ ജീവിതം കൊണ്ടുതന്നെ കാര്യമെന്താണുള്ളത്?

 

33. യേഷാമര്‍ത്ഥേ കാംക്ഷിതം ന: രാജ്യം ഭോഗാഃ സുഖാനി ച

    ത ഇമേഽവസ്ഥിതാ യുദ്ധേ പ്രാണാംസ്ത്യക്ത്വാ ധനാനി ച

34. ആചാര്യാഃ പിതരഃ പുത്രാ: തഥൈവ ച പിതാമഹാഃ

    മാതുലാഃ ശ്വശുരാഃ പൗത്രാഃ ശ്യാലാഃ സംബന്ധിനസ്തഥാ

 

രാജ്യവും ഭോഗസുഖങ്ങളും ആർക്കെല്ലാം വേണ്ടി

ഞങ്ങൾ ആഗ്രഹിച്ചുവോ? അവരെല്ലാം ജീവനും

സമ്പത്തും വെടിഞ്ഞീ പടക്കളത്തിൽ നിൽക്കൂന്നൂ.

ആചാര്യന്മാരും പിതാക്കന്മാരും പുത്രപൌത്രന്മാരും,

മാതുലന്മാരും സ്യാലന്മാരും മറ്റ് ബന്ധുജനങ്ങളും.  

 

35. ഏതാന്‍ ന ഹന്തുമിച്ഛാമി ഘ്നതോഽപി മധുസൂദന

    അപി ത്രൈലോക്യരാജ്യസ്യ ഹേതോഃ കിം നു മഹീകൃതേ

 

ഇവരെന്നെ കൊല്ലുവാൻ വന്നാലും മധുസൂദനാ

ഞാനിവരാൽ കൊല്ലപ്പെട്ടാലും, മൂന്നുലോകവും

കിട്ടിയാലും, ഇച്ഛയില്ലെനിക്കിവരെ കൊന്നീടുവാൻ!

കേവലം ഭൂമിക്കായവരെ ഞാൻ കൊല്ലുവാനോ?

 

36. നിഹത്യ ധാര്‍ത്തരാഷ്ട്രാൻ ന: കാ പ്രീതിഃ സ്യാജ്ജനാര്‍ദന

    പാപമേവാശ്രയേദസ്മാന്‍ ഹത്വൈതാന്‍ ആതതായിനഃ

 

ഈ കൌരവന്മാരെല്ലാം ഹേ ജനാർദ്ദനാ,

വധാർഹന്മാർതന്നെയെന്നിരിക്കിലും

ഇവരെ കൊന്നാലെന്തു പ്രീതി കിട്ടാൻ

അതിൻ പാപം കൂടി ബാധിച്ചിടും ഞങ്ങളെ.

 

37. തസ്മാന്നാര്‍ഹാ വയം ഹന്തും ധാര്‍ത്തരാഷ്ട്രാന്‍ സ്വബാന്ധവാൻ  

    സ്വജനം ഹി കഥം ഹത്വാ സുഖിനഃ സ്യാമ മാധവ

 

അതിനാൽ ധാർത്തരാഷ്ട്രന്മാരാം

ബന്ധുക്കളെ വധിക്കരുതൊരിക്കലും

സ്വജനത്തെ കൊന്നിട്ടെങ്ങിനെ 

മാധവാ, ഞങ്ങൾ സസുഖം വാണിടും ?

 

38. യദ്യപ്യേതേ ന പശ്യന്തി ലോഭോപഹതചേതസഃ

    കുലക്ഷയകൃതം ദോഷം മിത്രദ്രോഹേ ച പാതകം

39. കഥം ന ജ്ഞേയമസ്മാഭിഃ പാപാദസ്മാന്നിവര്‍ത്തിതും

    കുലക്ഷയകൃതം ദോഷം പ്രപശ്യദ്ഭിര്‍ജനാര്‍ദന

 

ലോഭത്താൽ വിവേകലേശമില്ലാത്ത കൌരവർ

അറിയുന്നില്ലല്ലോ കുലനാശത്തിൻ ദോഷങ്ങളും

മിത്രദ്രോഹം കൊണ്ടുണ്ടാവും പാപഫലങ്ങളും.

എന്നാൽ ഏവം ഘോരകർമ്മത്തിൻ നാനാ

ദോഷങ്ങൾ നന്നായറിയും ഞങ്ങൾക്കെന്തുകൊണ്ടും

അവയിൽനിന്നും പിന്മാറണമെന്നറിയാതിരിക്കുമോ?

 

40. കുലക്ഷയേ പ്രണശ്യന്തി കുലധര്‍മ്മാ: സനാതനാഃ

    ധര്‍മ്മേ നഷ്ടേ കുലം കൃത്സ്നം  അധര്‍മ്മോഽഭിഭവത്യുത

 

കുലങ്ങൾ ക്ഷയിച്ചെന്നാൽ നശിക്കും

സനാതനമാം കുലധർമ്മങ്ങളെല്ലാം.

ധർമ്മം നശിച്ചു പോയാൽ അധർമ്മം

കുലങ്ങളെയാകെ ബാധിക്കുമതുനിശ്ചയം.

 

41. അധര്‍മാഭിഭവാത് കൃഷ്ണ പ്രദുഷ്യന്തി കുലസ്ത്രിയഃ

    സ്ത്രീഷു ദുഷ്ടാസു വാര്‍ഷ്ണേയ ജായതേ വര്‍ണസങ്കരഃ

 

അധർമ്മം കുലത്തെ ബാധിച്ചാൽ

കൃഷ്ണാ, കുലസ്ത്രീകൾ ദുഷിച്ചുപോം.

സ്ത്രീകൾ ദുഷിച്ചാൽ വാർഷ്ണേയാ

സംഭവിക്കും ഹാ! വർണ്ണസങ്കരം.

 

42. സങ്കരോ നരകായൈവ കുലഘ്നാനാം കുലസ്യ ച

    പതന്തി പിതരോ ഹ്യേഷാം ലുപ്തപിണ്ഡോദകക്രിയാഃ

 

ജാതിക്കലർപ്പു ഹേതുവായ് കുലനാശകരും

കുലങ്ങൾ തന്നെയും നരകത്തിലെത്തിടും.

പിതൃക്കൾപോലും വല്ലാതെ വലയുമവർക്കുള്ള

പിണ്ഡോദക ക്രിയകൾ ഇല്ലാത്ത കാരണം.

 

43. ദോഷൈരേതൈഃ കുലഘ്നാനാം വര്‍ണസങ്കരകാരകൈഃ

    ഉത്സാദ്യന്തേ ജാതിധര്‍മ്മാ: കുലധര്‍മ്മാശ്ച ശാശ്വതാഃ

 

ഏവമീ കുലനാശകർ മൂലമുണ്ടാവും

വർണ്ണസങ്കരജന്യമാം ദോഷങ്ങളാൽ

ഇല്ലാതാവും ജാതിധർമ്മം, സമൂഹത്തിൽ

കുലധർമ്മങ്ങളും നശിച്ചു പോയിടും.

 

44. ഉത്സന്നകുലധര്‍മ്മാണാം മനുഷ്യാണാം ജനാര്‍ദ്ദന

    നരകേ നിയതം വാസ: ഭവതീത്യനുശുശ്രുമ

 

കുലധർമ്മം നശിച്ച മർത്യന്നു നരകവാസമേ

വിധിയെന്നു കേട്ടിട്ടുണ്ട് ഞങ്ങൾ, ജനാർദ്ദനാ.

 

45. അഹോ ബത മഹത്പാപം കര്‍ത്തും വ്യവസിതാ വയം

    യദ്രാജ്യസുഖലോഭേന ഹന്തും സ്വജനമുദ്യതാഃ

 

അയ്യോ ഞങ്ങൾ മഹാപാപം ചെയ്യാൻ

തുനിഞ്ഞൂ! എത്ര കഷ്ടം അതോർത്താൽ!

രാജ്യസുഖം കാംക്ഷിച്ചു ഞങ്ങൾ സ്വജനത്തെ

യുദ്ധത്തിൽ കൊല്ലാൻ ഒരുമ്പെട്ടുവല്ലോ!

 

46. യദി മാമപ്രതീകാരം അശസ്ത്രം ശസ്ത്രപാണയഃ

    ധാര്‍ത്തരാഷ്ട്രാ രണേ ഹന്യു: തന്മേ ക്ഷേമതരം ഭവേത്

 

യുദ്ധത്തിൽ ആയുധമേന്തിയ ധാര്‍ത്തരാഷ്ട്രൻമാർ

നിരായുധനായ് എതിർക്കാതെ നിൽക്കുമെന്നെ

കൊന്നാലും അതുതന്നെയാണെനിക്കു ക്ഷേമകരം.

 

സഞ്ജയ ഉവാച

47. ഏവമുക്ത്വാര്‍ജുനഃ സംഖ്യേ രഥോപസ്ഥ ഉപാവിശത്

    വിസൃജ്യ സശരം ചാപം ശോകസംവിഗ്നമാനസഃ

 

സഞ്ജയൻ പറഞ്ഞു:

ശോകാകുലം യുദ്ധഭൂമിയിൽ വച്ചിപ്രകാരം പറഞ്ഞർജുനൻ

അമ്പും വില്ലും താഴെയിട്ട് തേർത്തട്ടിലിരുന്നൂ ഹതാശനായി.

 

ഓം തത് സത്

ഇതി ഭഗവദ് ഗീതാസു ഉപനിഷത്സു

ബ്രഹ്മവിദ്യായാം യോഗശാസ്ത്രേ

ശ്രീകൃഷ്ണാർജ്ജുന സംവാദേ

അർജ്ജുനവിഷാദയോഗോ നാമ

പ്രഥമോഽദ്ധ്യായ:

 

ഹരി ഓം

ഇപ്രകാരം ശ്രീമദ് ഭഗവദ് ഗീതാരൂപമായ ഉപനിഷത്തിൽ

ബ്രഹ്മവിദ്യാന്തർഗതമായ യോഗശാസ്ത്രത്തിൽ

ശ്രീകൃഷ്ണാർജ്ജുന സംവാദത്തിൽ 

അർജ്ജുനവിഷാദയോഗം  എന്ന

ഒന്നാം അദ്ധ്യായം കഴിഞ്ഞു

Comments